ടി20 ലോകകപ്പ് ബഹിഷ്‌കരണത്തെത്തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡുമായി സഹകരിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) തീരുമാനിച്ചു.
ഇന്ത്യയുടെ പുരുഷവനിതാ ടീമുകളുമായി പരമ്പര കളിക്കാനും ബി.സി.സി.ഐയുമായി യോജിച്ച് മുന്നോട്ടുപോകാനുമുള്ള സന്നദ്ധത അറിയിച്ച് ബി.സി.ബി കത്തെഴുതി. ബംഗ്ലാദേശിൽ പുതിയ ഭരണകൂടം അധികാരമേറ്റതിന് പിന്നാലെയാണ് ക്രിക്കറ്റ് രംഗത്തെ മഞ്ഞുരുകലിന് വഴിതുറന്നിരിക്കുന്നത്. സെപ്തംബറിൽ ഇന്ത്യൻ പുരുഷ ടീം ബംഗ്ലാദേശ് സന്ദർശിക്കുമെന്നും തുടർന്ന് ബംഗ്ലാദേശ് വനിതാ ടീം ഇന്ത്യയിലേക്ക് വരുമെന്നുമാണ് റിപ്പോർട്ടുകൾ.
നയതന്ത്രപരമായ പ്രശ്‌നങ്ങൾ കാരണം ടി20 ലോകകപ്പിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് ബംഗ്ലാദേശ് കായിക മന്ത്രി അമിനുൾ ഹഖ് വ്യക്തമാക്കി. കായിക രംഗത്തെ പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്ന് മുസ്താഫിസുർ റഹ്മാനെ ബി.സി.സി.ഐ നിർദ്ദേശപ്രകാരം ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ചുനിന്നതോടെയാണ് ഐ.സി.സി അവർക്ക് പകരം സ്‌കോട്ട്‌ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്.
ബംഗ്ലാദേശിന്റെ താത്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന 'ബംഗ്ലാദേശ് ഫസ്റ്റ് ' എന്ന നയമാണ് വിദേശകാര്യങ്ങളിൽ സ്വീകരിക്കുന്നതെന്ന് ബി.എൻ.പി നേതാവ് താരിഖ് റഹ്മാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുമായി സന്തുലിതമായ ബന്ധം നിലനിർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐയുമായുള്ള പുതിയ സഹകരണം ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക ബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം ആരാധകർക്ക് ആവേശകരമായ മത്സരങ്ങൾ കാണാനുള്ള അവസരമൊരുക്കുമെന്നും ബി.സി.ബി ഡയറക്ടർ നസ്മുൾ അബെദിൻ ഫഹിം പ്രത്യാശ പ്രകടിപ്പിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
