മയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശം നിറഞ്ഞ ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നോർവേയെ എക്‌സ്ട്രാ ടൈമിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് ഇംഗ്ലണ്ട് സെമി ഫൈനലിൽ. നിശ്ചിത സമയത്ത് ഇരുടീമുകളും 1-1 എന്ന നിലയിലായിരുന്നു. ഇംഗ്ലണ്ടിനായി ജൂഡ് ബെല്ലിങ്ഹാം ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ നോർവേയുടെ പോരാട്ടം ക്വാർട്ടറിൽ അവസാനിച്ചു.
മത്സരത്തിന്റെ ആദ്യ പകുതിയിൽ നോർവേയാണ് ലീഡെടുത്തത്. 36-ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡ് നൽകിയ പാസിൽ നിന്ന് ആൻഡ്രിയാസ് ഷെൽഡ്രൂപ്പ് തൊടുത്ത ഒരു തകർപ്പൻ ലോങ് റേഞ്ച് ഷോട്ട് ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ക്‌ഫോർഡിനെ മറികടന്ന് വലയിലെത്തി.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ആന്റണി ഗോർഡന്റെ പാസിൽ നിന്ന് ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനായി സമനില ഗോൾ നേടി. ഈ ഗോളിന് മുൻപ് പന്ത് ഫിഫയുടെ സ്‌കൈ ക്യാമറയിൽ തട്ടിയത് നേരിയ തർക്കങ്ങൾക്ക് ഇടയാക്കിയെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു
രണ്ടാം പകുതിയിൽ കളി കൂടുതൽ കടുത്തതായി മാറി. 56-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്ന് നോർവേയുടെ ടോർബ്‌ജോൺ ഹെഗ്ഗെം വലകുലുക്കിയെങ്കിലും ഗോളിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് താരം എലിയറ്റ് ആൻഡേഴ്‌സനെ ഏർലിംഗ് ഹാലണ്ട് ഫൗൾ ചെയ്തതായി വാർ പരിശോധനയിൽ കണ്ടെത്തി.
ഇതോടെ നോർവേയുടെ ലീഡ് നേടാനുള്ള അവസരം നഷ്ടമായി. ഇതിനിടയിൽ നോർവേ ഡിഫെൻഡർ ക്രിസ്റ്റഫർ അജറുടെ ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടി തെറിച്ചതും അവർക്ക് തിരിച്ചടിയായി.
നിശ്ചിത 90 മിനിറ്റിലും സ്‌കോർ 1-1 എന്ന് തുടർന്നു. എക്‌സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ പകരക്കാരനായി ഇറങ്ങിയ മോർഗൻ റോഗേഴ്‌സ് എടുത്ത ഒരു ലോങ് റേഞ്ചർ നോർവേ കീപ്പർ ഓർജൻ നയ്‌ലൻഡ് തട്ടിയകറ്റിയെങ്കിലും റീബൗണ്ടിൽ നിന്ന് പന്ത് വലയിലെത്തിച്ച് ബെല്ലിങ്ഹാം ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയ ഗോൾ സമ്മാനിച്ചു.
ഈ ടൂർണമെന്റിൽ ബെല്ലിങ്ഹാമിന്റെ ആറാമത്തെ ഗോളായിരുന്നു ഇത്. ഇതോടെ ക്യാപ്ടൻ ഹാരി കെയ്‌നൊപ്പം ടൂർണമെന്റിലെ ടോപ്പ് സ്‌കോറർമാരുടെ പട്ടികയിൽ ബെല്ലിങ്ഹാമും ഇടംപിടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
