സൂറിച്ച്: ആഗോള ഫുട്‌ബോള്‍ ഭരണസമിതിയായ ഫിഫയില്‍ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ 20 ബില്യണ്‍ ഡോളറിന്റെ പദ്ധതിയെച്ചൊല്ലി വന്‍ വിവാദം. നീക്കത്തില്‍ അമര്‍ഷം രേഖപ്പെടുത്തി ഇന്‍ഫാന്റിനോയുടെ ഉപദേഷ്ടാവ് കാര്‍ലോസ് കൊര്‍ഡെയ്‌റോ രാജിവെച്ചതോടെ ഫിഫയിലെ ഭിന്നത പരസ്യമായി. യൂറോപ്യന്‍ ഫുട്‌ബോള്‍ കൂട്ടായ്മയായ യുവേഫ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ഉപദേഷ്ടാവിന്റെ രാജി.
ഫിഫ ഫോര്‍വേഡ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് സ്വകാര്യ നിക്ഷേപകരെ ക്ഷണിക്കുന്ന പദ്ധതിയാണ് ഇന്‍ഫാന്റിനോ മുന്നോട്ടുവെച്ചത്. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനമായ ജെ.പി മോര്‍ഗനാണ് ഇതിനായുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നറുടെ സഹോദരന്‍ ജോഷ്വ കുഷ്‌നറുടെ ത്രീവ് എറ്റേണല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളാണ് നിക്ഷേപകരുടെ പട്ടികയിലുള്ളത്.
ഇതൊരു തികച്ചും മോശം ഇടപാടാണെന്നും ഫുട്‌ബോളിന്റെയും അംഗ രാജ്യങ്ങളുടെയും താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും രാജിവെച്ച കാര്‍ലോസ് കൊര്‍ഡെയ്‌റോ വ്യക്തമാക്കി. യാതൊരുവിധ സാമ്പത്തിക ബാദ്ധ്യതകളുമില്ലാത്ത, ബില്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക ഭദ്രതയുള്ള ഒരു സംഘടനയുടെ ഭാവി പണയപ്പെടുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഇന്‍ഫാന്റിനോയുടെ നിര്‍ദേശം അംഗ രാജ്യങ്ങള്‍ വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയാണെങ്കില്‍ ഫിഫ മത്സരങ്ങള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിക്കുമെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്. ലോകകപ്പ് ചാമ്പ്യന്മാരായ സ്‌പെയിന്‍ ഉള്‍പ്പെടെയുള്ള 55 അംഗരാജ്യങ്ങളും ഈ തീരുമാനത്തിന് പിന്നില്‍ ഒറ്റക്കെട്ടാണെന്ന് യുവേഫ അറിയിച്ചു. യുവേഫ നിലപാടില്‍ ഉറച്ചുനിന്നാല്‍ വരാനിരിക്കുന്ന പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ് ലോകകപ്പും യൂറോപ്യന്‍ ടീമുകളില്ലാതെ നടത്തേണ്ടി വരും.
പദ്ധതിക്ക് പിന്തുണ ഉറപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് വന്‍ തുക വികസന ഫണ്ടായി വാഗ്ദാനം ചെയ്യുന്നുണ്ട്. 2027-2030 കാലയളവില്‍ ഓരോ ഫെഡറേഷനും 190 കോടി രൂപയും, 2035-2038 ഓടെ ഇത് 230 കോടി രൂപയായി ഉയര്‍ത്തി നല്‍കുമെന്നുമാണ് ഇന്‍ഫാന്റിനോയുടെ വാഗ്ദാനം. എന്നാല്‍, കായികലോകത്തിന്റെ പരമാധികാരം സ്വകാര്യ കമ്പനികള്‍ക്ക് പണയം വെക്കാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് പ്രതിപക്ഷ കൂട്ടായ്മകള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
