ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ.എസ്.എൽ) 2026-27 സീസണിന് ഒക്ടോബർ 10ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രീഡാംഗണത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ നേരിടും.
ആദ്യഘട്ട മത്സരക്രമമാണ് ഇപ്പോൾ പുറത്തുവന്നത്. പുതിയ സീസണിൽ 13 ടീമുകളാണ് ഐ.എസ്.എല്ലിൽ കളിക്കുക. കഴിഞ്ഞ സീസണിലെ പരിമിതമായ മത്സരക്രമത്തിന് പകരം ഇത്തവണ ഹോം ആൻഡ് എവേ രീതിയിലുള്ള പൂർണ ലീഗ് മത്സരങ്ങളാണ് നടക്കുക. ഓരോ ടീമും മറ്റുള്ളവരുമായി രണ്ട് തവണ ഏറ്റുമുട്ടും.
ഒക്ടോബർ 11ന് മുംബൈ സിറ്റി എഫ്.സി. ബെംഗളൂരു എഫ്.സിയെ നേരിടും. ഒക്ടോബർ 12ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഗോവയെ കൊച്ചിയിൽ നേരിടുന്നതാണ് ആദ്യഘട്ടത്തിലെ ശ്രദ്ധേയമായ മറ്റൊരു മത്സരം. ഒക്ടോബർ 17ന് ഒഡിഷ എഫ്.സി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടവും 18ന് ഹൈദരാബാദ് എഫ്.സി ചെന്നൈയിൻ എഫ്.സി. മത്സരവും നടക്കും. ഒക്ടോബർ 19ന് പഞ്ചാബ് എഫ്.സി. ഇന്റർ കാശിയെ നേരിടും. ഒക്ടോബർ 24ന് ചർച്ചിൽ ബ്രദേഴ്‌സ് കേരള ബ്ലാസ്റ്റേഴ്‌സുമായി ഏറ്റുമുട്ടും.
കഴിഞ്ഞ സീസണിൽ ആദ്യ ഐ.എസ്.എൽ ലീഗ് കിരീടം നേടിയ ഈസ്റ്റ് ബംഗാളാണ് നിലവിലെ ചാമ്പ്യന്മാർ. ജംഷഡ്പൂർ എഫ്.സി. പിന്മാറിയതിനെ തുടർന്ന് അവരുടെ ലൈസൻസ് ചർച്ചിൽ ബ്രദേഴ്‌സിന് ലഭിച്ചതോടെയാണ് ഗോവൻ ക്ലബ് പുതിയ സീസണിൽ ഐ.എസ്.എല്ലിൽ എത്തുന്നത്. പൂർണ ഹോം ആൻഡ് എവേ ഫോർമാറ്റിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യൻ ഫുട്‌ബോൾ ലീഗിന് കൂടുതൽ ദൈർഘ്യമേറിയ സീസണാണ് സമ്മാനിക്കുന്നത്. ആദ്യ മത്സരത്തിൽ തന്നെ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ കൊൽക്കത്ത ഡർബി വരുന്നതും പുതിയ സീസണിന്റെ പ്രധാന ആകർഷണമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
