തിരുവനന്തപുരം: ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്താൻ ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, ആരോഗ്യവകുപ്പിന്റെ ഹൈപ്പവർകമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ, കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ സ്പെഷ്യൽ ഓഫീസർ ഡോ.എ.അൽത്താഫ്, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.റീത്ത, മെഡിക്കൽ കോളേജിലെ ഇൻഫക്ഷൻസ് ഡീസീസ് വിഭാഗം മേധാവി ഡോ.അരവിന്ദ്.ആർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തദ്ദേശവാർഡ് അടിസ്ഥാനത്തിൽ കൗൺസിലർമാർ/പഞ്ചായത്ത് അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകർ എന്നിവരെയുൾപ്പെടുത്തി താഴെത്തട്ടിൽ സമിതികൾ രൂപീകരിക്കാൻ യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, ഇടവിട്ടുള്ള മഴകാരണം വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാധ്യതയില്ലാതാക്കാൻ വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച തൊഴിലിടങ്ങളിലും ഞായറാഴ്ച വീടുകളിലും കൊതുകിന്റെ പ്രജനന സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം.ഇതിനായി തദ്ദേശവകുപ്പ് മന്ത്രിയുമായി കൂടിയാലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
