ദില്ലി: ബിജെപി എം പി കങ്കണ റണാവത്ത് സോണിയാ ഗാന്ധിയെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദത്തില്‍. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. സോണിയ ഗാന്ധിയുടെ ഓര്‍മ പുസ്തകം ബിലോംഡിങ്; എ ജേര്‍ണി ഒഫ് ലൗ പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപി നടത്തുന്ന വിമര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ബിജെപി എംപി കൂടിയായ കങ്കണയുടെ പ്രതികരണം.
സോണിയ ഗാന്ധി ഈ രാഷ്ട്രീയ കുടുംബത്തിലേക്ക് കടന്നുവന്നതിനെ ചോദ്യം ചെയ്ത കങ്കണ, കുടുംബത്തിലെ പ്രമുഖ അംഗങ്ങളുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ വളരെയധികം യാദൃശ്ചികം എന്നാണ് സംശയത്തില്‍ കലര്‍ത്തി വിശേഷിപ്പിച്ചത്.
ഇന്ദിരാ ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല. അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തിയെന്നും കങ്കണ കുറിച്ചു.
1981നോടടുത്ത് ചിത്രീകരിച്ച ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട സാഹചര്യത്തിലാണ് കങ്കണയുടെ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇന്ദിരാഗാന്ധി, സോണിയാ ഗാന്ധി, മനേക ഗാന്ധി, ഒപ്പം ചെറുപ്രായത്തിലുള്ള രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഒരു കുടുംബ അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. അമേഠി ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി മുന്നിലാണെന്നറിയിച്ചുകൊണ്ടുള്ള ഒരു ഫോണ്‍ കോള്‍ അവിടെയുണ്ടായിരുന്നവരുടെ സംഭാഷണത്തെ തടസ്സപ്പെടുത്തുകയും, അത് ഇന്ദിരാഗാന്ധിയില്‍ പ്രകടമായ പ്രതികരണമുണ്ടാക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ മനേകാ ഗാന്ധിയുടെ പ്രതികരണങ്ങളെ വ്യാഖ്യാനിച്ചാണ് കങ്കണ വിവാദങ്ങള്‍ക്ക് വഴിമരുന്നിടുന്നത്.
സഞ്ജയ് ഗാന്ധിയുടെ വിധവയായ അവര്‍, കുടുംബത്തിന്റെ ആഘോഷങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണപ്പെടുന്നതെന്നാണ് കങ്കണയുടെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള വാര്‍ത്തയോട് ഇന്ദിരാഗാന്ധിയുടെ പ്രതികരണവും, മേശയ്ക്കരികില്‍ മനേക ഇരിക്കുന്ന രീതിയും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ് ഒരു വിമാനാപകടത്തിലാണ് സഞ്ജയ് മരിച്ചത് എന്ന കാര്യവും ഇതില്‍ പരാമര്‍ശിച്ചിരുന്നു. വീഡിയോയില്‍ കാണുന്ന ആ നിമിഷത്തില്‍, ആരും തന്നെ മനേകയുടെ നേര്‍ക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നും കങ്കണ നിരീക്ഷിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
