ഗ്‌ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്നലെ ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിയത് ഒരു വെള്ളിമെഡൽ മാത്രം. വെയ്റ്റ്‌ലിഫ്ടിംഗിൽ പുരുഷന്മാരുടെ 110 പ്ലസ് കിലോഗ്രാം വിഭാഗത്തിൽ ലവ്പ്രീത് സിംഗാണ് വെള്ളി നേടിയത്. വെറും ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് ലവ്പ്രീതിന് സ്വർണം നഷ്ടമായത്. ഗെയിംസ് റെക്കാഡോടെ സ്വർണം നേടിയ ന്യൂസിലാൻഡിന്റെ ഡേവിഡ് ലിറ്റി ഉയർത്തിയത് 389 കിലോഗ്രാമാണ് (സ്‌നാച്ചിൽ 166 കിലോഗ്രാം, ക്ലീൻ ആൻഡ് ജെർക്കിൽ 223 കിലോഗ്രാം). ലവ്പ്രീത് സ്‌നാച്ചിൽ 176 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 212 കിലോഗ്രാമും ഉൾപ്പെടെ ആകെ ഉയർത്തിയത് 388 കിലോഗ്രാമും. കഴിഞ്ഞ തവണ 109 കിലോഗ്രാം വിഭാഗത്തിൽ ലവ്പ്രീത് വെങ്കലം നേടിയിരുന്നു.
പൊന്നായി ദിലീപ്, ബാസിലിന് വെള്ളി
റെക്കാഡ് തിളക്കത്തിലാണ് കഴിഞ്ഞ ദിവസം പാരാഅത്ലറ്റിക്‌സ് പുരുഷന്മാരുടെ 100 മീറ്റർ ടി47 വിഭാഗത്തിൽ ദിലീപ് ഗാവിത്ത് ഒന്നാമതെത്തി ഇന്ത്യയുടെ അക്കൗണ്ടിൽ മൂന്നാം സ്വർണം എത്തിച്ചത്. 10.71 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ദീലീപ് റെക്കാഡോടെ സ്വർണമണിഞ്ഞത്. ഈ ഇനത്തിൽ 10.83 സെക്കൻഡിൽ ഓടിയെത്തിയാണ് മലപ്പുറം വെളിയങ്കോട് സ്വദേശി മുഹമ്മദ് ബാസിത് വെള്ളി നേടിയത്.
കളത്തിങ്ങൽ സിറാജുദ്ദീന്റെയും സീനത്തിന്റെയും മകനായ ബാസിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിൽ കോച്ച് ആർ.ശ്രീനിവാസനു കീഴിലാണ് പരിശീലനം. ജന്മനാ വലതുകൈ ഇല്ലാത്ത ബാസിതിനെ വെളിയങ്കോട് ഉമരി ഇംഗ്ലിഷ് സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ പരിശീലകൻ കെ.വി. അനസാണ് അത്ലറ്റിക്‌സിലേക്കു കൊണ്ടു വരുന്നത്.
മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ദിലീപിന് കുട്ടിക്കാലത്തുണ്ടായ അപകടത്തിലാണ് ഇടതു കൈ നഷ്ടമായത്. 400 മീറ്ററിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ദിലീപ് 100 മീറ്ററിലേക്ക് മാറിയിട്ട് അധികകാലമായിട്ടില്ല. നിലവിൽ 3 സ്വർണവും, 10 വെള്ളിയും, 3 വെങ്കലവുമാണ് ഇന്ത്യയ്ക്കുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
