മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇറ്റാലിയൻ ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലകസ്ഥാനം അപ്രതീക്ഷിതമായി രാജിവെച്ച് സൗദി അറേബ്യയിലേക്ക് ചേക്കേറിയ നടപടിയിൽ പരസ്യമായി ക്ഷമാപണം നടത്തി റോബർട്ടോ മാൻസിനി. ഇറ്റലിയുടെ പരിശീലകനായി വീണ്ടും ചുമതലയേറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാർത്താ സമ്മേളനത്തിലാണ് 61കാരനായ മാൻസിനി തനിക്ക് സംഭവിച്ച വീഴ്ച തുറന്നുപറഞ്ഞ് രംഗത്തെത്തിയത്.
ഇറ്റാലിയൻ ടീമിലേക്കുള്ള തന്റെ തിരിച്ചുവരവിനെ ജീവിതത്തിൽ നഷ്ടപ്പെട്ടുപോയ പ്രണയത്തെ വീണ്ടെടുക്കുന്നതിനോടാണ് മാൻസിനി ഉപമിച്ചത്.
'എന്റെ ഭാഗത്തുനിന്നുണ്ടായ വലിയ തെറ്റ്'
വാർത്താ സമ്മേളനത്തിൽ അതീവ വികാരഭരിതനായാണ് മാൻസിനി സംസാരിച്ചത്. 'കഴിഞ്ഞ കാര്യങ്ങളിൽ എനിക്ക് വലിയ ഖേദമുണ്ട്. നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട സ്ത്രീയെ (ജീവിതത്തിലെ സ്‌നേഹത്തെ) നഷ്ടപ്പെട്ടതുപോലെയായിരുന്നു അത്. ചെയ്യരുതാത്ത ഏതോ ഒരു കാര്യം ചെയ്തുപോയി എന്ന തിരിച്ചറിവാണ് എനിക്കുള്ളത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ സംഭവിച്ച എല്ലാത്തിനും ഞാൻ ഇറ്റാലിയൻ ജനതയോട് മാപ്പു ചോദിക്കുന്നു. ദേശീയ ടീമിനെ അതിന്റെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കാൻ ഞാൻ കഴിയുന്നതെല്ലാം ചെയ്യും.'
2023 ഓഗസ്റ്റിൽ ഇറ്റാലിയൻ ഫുട്‌ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിനയുമായുള്ള ആശയവിനിമയത്തിലുണ്ടായ തകരാറാണ് തന്റെ പെട്ടെന്നുള്ള രാജിയിലേക്ക് നയിച്ചതെന്നും, അതിൽ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും മുഴുവൻ ഉത്തരവാദിത്തവും താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021ൽ ഇറ്റലിയെ യൂറോപ്യൻ ചാമ്പ്യന്മാരാക്കി (Euro 2020) ചരിത്രവിജയത്തിലേക്ക് നയിച്ച മാൻസിനിയുടെ വിടവാങ്ങലിന് ശേഷം ഇറ്റാലിയൻ ഫുട്‌ബോൾ വലിയ തകർച്ചയിലൂടെയാണ് കടന്നപോയത്. ഏപ്രിലിൽ നടന്ന പ്ലേഓഫിൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയോട് പരാജയപ്പെട്ടതോടെ തുടർച്ചയായ മൂന്നാം തവണയും ഇറ്റലിക്ക് ലോകകപ്പ് യോഗ്യത നഷ്ടമായി.
ഈ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് പരിശീലകൻ ജെന്നാരോ ഗാട്ടസോയും പ്രസിഡന്റ് ഗബ്രിയേൽ ഗ്രാവിനയും രാജിവെക്കേണ്ടിവന്നു. തുടർന്ന് ടീമിനെ പുനർനിർമ്മിക്കുക എന്ന കഠിനമായ ദൗത്യവുമായാണ് ഫെഡറേഷൻ വീണ്ടും മാൻസിനിയെ സമീപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
