ചരിത്രത്തിലാദ്യം: ഒക്ടോബര്‍ മൂന്നിന് ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയിലെത്തും; കൊല്‍ക്കത്തയില്‍ മത്സരം

JULY 30, 2026, 8:28 PM

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ആ ചരിത്ര പ്രഖ്യാപനമെത്തി. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലിന്റെ മുതിര്‍ന്ന പുരുഷ ദേശീയ ഫുട്‌ബോള്‍ ടീം ആദ്യമായി ഇന്ത്യയില്‍ കളിക്കാനെത്തുന്നു. വരുന്ന ഒക്ടോബര്‍ 3 ശനിയാഴ്ച കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രീഡാംഗനില്‍ (സാള്‍ട്ട് ലേക്ക് സ്റ്റേഡിയം) നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ ഇന്ത്യന്‍ ദേശീയ ടീമിനെ നേരിടും.

ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷനും (CBF) ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും (AIFF) പ്രഖ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2026 ലെ ഫിഫ ഇന്റര്‍നാഷണല്‍ വിന്‍ഡോയുടെ ഭാഗമായാണ് ടീമിന്റെ ഏഷ്യന്‍ സന്ദര്‍ശനം. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷമായിരിക്കും ബ്രസീല്‍ സംഘം ഇന്ത്യയിലെത്തുക. സെപ്റ്റംബര്‍ 25 ന് ടൗണ്‍സ്വില്ലെയിലും സെപ്റ്റംബര്‍ 29 ന് ബ്രിസ്‌ബേനിലും ഓസ്‌ട്രേലിയയ്ക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ച ശേഷമാണ് ബ്രസീല്‍ കൊല്‍ക്കത്തയിലേക്ക് വിമാനം കയറുന്നത്. 1992 ല്‍ ഫിഫ റാങ്കിങ് സമ്പ്രദായം നിലവില്‍ വന്നതിന് ശേഷം ഇന്ത്യ കളിക്കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള എതിരാളികളാണ് നിലവില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രസീല്‍.

സാംബാ ഫുട്‌ബോളിനോട് വേറിട്ട ആത്മബന്ധവും അളവറ്റ ആരാധനയുമുള്ള നാടാണ് ഇന്ത്യയെന്നും, പ്രത്യേകിച്ച് കൊല്‍ക്കത്തയിലെ ആരാധകരുടെ പിന്തുണ ഏറെ സവിശേഷമാണെന്നും ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. ബ്രസീലിന് വെളിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ കളിക്കാനിറങ്ങുന്നത് ഏറെ ആവേശകരമായ അനുഭവമായിരിക്കുമെന്നും സിബിഎഫ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇതൊരു സുവര്‍ണ്ണ അധ്യായമായി മാറുമെന്നാണ് എ.ഐ.എഫ്.എഫ് അധികൃതര്‍ വിശേഷിപ്പിച്ചത്. ലോകോത്തര കായികതാരങ്ങള്‍ക്കെതിരെ കളിക്കാനുള്ള ഈ അപൂര്‍വ്വ അവസരം ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ അനുഭവസമ്പത്തും ഭാവിയിലേക്ക് മികച്ച പ്രചോദനവും നല്‍കുമെന്ന് എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ എം. സത്യനാരായണനും നാഷണല്‍ ടീംസ് ഡയറക്ടര്‍ സുബ്രതോ പോളും അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam