ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഉസ്മാൻ ഖവാജ

NOVEMBER 9, 2026, 1:35 AM

ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ കുപ്രസിദ്ധമായ 'സാൻഡ്‌പേപ്പർ ഗേറ്റ്' വിവാദത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ഉസ്മാൻ ഖവാജ.

2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ നടന്ന പന്ത് ചുരണ്ടൽ തന്ത്രത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ടീമിലെ മുഴുവൻ അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നാണ് ഖവാജ തന്റെ പുതിയ ആത്മകഥയായ 'സബ്ർ'ലൂടെ അവകാശപ്പെട്ടിരിക്കുന്നത്.

ദി സിഡ്‌നി മോർണിംഗ് ഹെറാൾഡ് പുറത്തുവിട്ട പുസ്തകത്തിന്റെ ഭാഗങ്ങളിലാണ് 2018ൽ കേപ് ടൗണിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ നടന്ന പന്ത് ചുരണ്ടൽ തന്ത്രത്തെക്കുറിച്ച് ടീമിലെ മുഴുവൻ അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്ന് ഖവാജ അവകാശപ്പെട്ടത്. അന്നത്തെ ക്യാപ്ടൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്ടൻ ഡേവിഡ് വാർണർ, കാമറൂൺ ബാങ്ക്രോഫ്റ്റ് എന്നിവരാണ് ഇതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടതെങ്കിലും, സാൻഡ്‌പേപ്പർ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പോർട്ട് എലിസബത്തിൽ നടന്ന തൊട്ടുമുമ്പത്തെ ടെസ്റ്റിനിടയിൽ തന്നെ ആരംഭിച്ചിരുന്നതായി ഖവാജ വെളിപ്പെടുത്തി.

vachakam
vachakam
vachakam

'അത് ഞങ്ങൾ എല്ലാവരുമായിരുന്നു. ബാറ്റർമാരോ ബൗളർമാരോ സപ്പോർട്ട് സ്റ്റാഫുകളോ മാത്രം ആയിരുന്നില്ല, ഞങ്ങൾ എല്ലാവരുമായിരുന്നു,' ഖവാജ സിഡ്‌നി മോർണിംഗ് ഹെറാൾഡിനോട് പറഞ്ഞു. സെന്റ് ജോർജ്ജ് പാർക്കിലെ ഡ്രസ്സിംഗ് റൂമിൽ നടന്ന തുറന്ന ചർച്ചകൾക്ക് ശേഷമാണ്, പന്തിന്റെ അവസ്ഥ മാറ്റാൻ സാൻഡ്‌പേപ്പർ വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് എന്ന് ഓസ്‌ട്രേലിയ കണ്ടെത്തിയതെന്ന് ഖവാജ പറഞ്ഞു.

'ആ ഘട്ടത്തിൽ സ്മിത്ത് കൈകൾ വായുവിൽ ഉയർത്തി തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയേണ്ടതില്ലെന്ന് പറഞ്ഞു,' ഖവാജ എഴുതുന്നു. കേപ് ടൗണിൽ റിവേഴ്‌സ് സ്വിംഗ് ലഭിക്കുന്നതിനായി ബാങ്ക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്തിൽ കൃത്രിമം കാണിക്കുന്നത് ടെലിവിഷൻ ക്യാമറകളിൽ വ്യക്തമായി പതിഞ്ഞതോടെയാണ് ഓസ്‌ട്രേലിയൻ ടീം വൻ വിവാദത്തിൽ അകപ്പെട്ടത്.

'ഒരു സാഹചര്യത്തിലും ഇതിനെക്കുറിച്ച് പുറത്തുപറയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. സത്യം തുറന്നുപറയുന്ന ആളാകാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു,' അദ്ദേഹം പറഞ്ഞു. 'പക്ഷേ പ്രശ്‌നം എന്തെന്നാൽ, എട്ട് വർഷത്തിന് ശേഷമെങ്കിലും ഈ സത്യം പുറത്തുവരുമെന്ന് ഞാൻ കരുതിയിരുന്നു.'

vachakam
vachakam
vachakam

മൂന്ന് ബാറ്റർമാർക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഒരു വർഷത്തെ വിലക്ക് ലഭിച്ചപ്പോൾ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നീ നാല് ബൗളർമാർ തങ്ങൾക്ക് സംഭവത്തെക്കുറിച്ച് ഒരു അറിവുമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നു. 2021ൽ ദി ഗാർഡിയന് നൽകിയ അഭിമുഖത്തിൽ ബൗളർമാർക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, 'അത് സ്വയം വ്യക്തമായ കാര്യമാണല്ലോ' എന്നായിരുന്നു ബാങ്ക്രോഫ്റ്റ് മറുപടി നൽകിയത്.

'ന്യൂലാൻഡ്‌സിലെ വലിയ സ്‌ക്രീനിൽ ചിത്രങ്ങൾ കാണുന്നതുവരെ പന്തിന്റെ അവസ്ഥ മാറ്റാൻ കളിക്കളത്തിലേക്ക് അന്യവസ്തു കൊണ്ടുപോയതായി ഞങ്ങൾക്ക് അറിയില്ലായിരുന്നു.' ബാങ്ക്രോഫ്റ്റിന്റെ അഭിമുഖത്തിന് ദിവസങ്ങൾക്ക് ശേഷം കമ്മിൻസ്, സ്റ്റാർക്ക്, ഹേസൽവുഡ്, ലിയോൺ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

'തെളിവുകളുടെ അഭാവമുണ്ടായിട്ടും, ഞങ്ങൾ ബൗളർമാരായതുകൊണ്ട് മാത്രം ഞങ്ങൾക്ക് 'അറിയാമായിരുന്നു' എന്ന് നിർബന്ധം പിടിക്കുന്നവരോട് ഞങ്ങൾക്ക് പറയാനുള്ളത് ഇതാണ്: ആ ടെസ്റ്റ് മത്സരത്തിലെ അമ്പയർമാരായ നൈജൽ ലോങ്, റിച്ചാർഡ് ഇല്ലിംഗ്വർത്ത് എന്നിവർ ടിവിയിൽ ചിത്രങ്ങൾ കണ്ടയുടൻ പന്ത് പരിശോധിച്ചിരുന്നു. കേടുപാടുകളുടെ ലക്ഷണങ്ങളൊന്നും കാണാത്തതിനാൽ അവർ പന്ത് മാറ്റിയില്ല. അതിനാൽ ഇത്തരം ഊഹാപോഹങ്ങളും ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഇത് വളരെക്കാലമായി തുടരുന്നു, ഇപ്പോൾ ഇത് അവസാനിപ്പിക്കേണ്ട സമയമായി.'

vachakam
vachakam
vachakam

എന്നാൽ ഡ്രസ്സിംഗ് റൂമിൽ വെച്ച് തന്നെ ഈ സംഭവത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ടീം മുഴുവൻ ഏറ്റെടുക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഖവാജ അവകാശപ്പെട്ടു.

ഞാൻ പറഞ്ഞു: 'ഒരു ടീമെന്ന നിലയിൽ ഇത് നമ്മൾ ഏറ്റെടുക്കുക. നമ്മൾ ഇത് ഒരുമിച്ച് ചെയ്തതാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്കെല്ലാവർക്കും അറിയാമായിരുന്നു, അതിനാൽ ഒരു ടീമെന്ന നിലയിൽ നമ്മൾ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം'. പക്ഷേ കാര്യങ്ങൾ ആ രീതിയിലല്ല നടന്നത്, ആ മൂന്ന് പേർ മാത്രം വലിയ രീതിയിൽ വേട്ടയാടപ്പെട്ടു,' ഖവാജ പുസ്തകത്തിൽ കുറിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam