ജനീവ: ഫിഡെ ലോക ചെസ് കിരീടപ്പോരാട്ടത്തിൽ സമനിലയുടെ നാലാം അധ്യായം. നിലവിലെ ലോകചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്‌ബെക്കിസ്ഥാന്റെ ജവോഖിർ സിന്ദറോവും തമ്മിലുള്ള നാലാം ഗെയിം 34 നീക്കങ്ങൾക്കൊടുവിൽ സമനിലയിൽ പിരിഞ്ഞു.
വെള്ളക്കരുക്കളുമായി ഇറങ്ങിയ ഗുകേഷിനെതിരെ പെട്രോവിന്റെ പ്രതിരോധം (പെട്രോവ്‌സ് ഡിഫൻസ്) തിരഞ്ഞെടുത്ത സിന്ദറോവിന് തുടക്കത്തിൽത്തന്നെ ഇന്ത്യൻ താരം തന്ത്രപരമായ വെല്ലുവിളിയുയർത്തി. പതിവ് ഓപ്പണിംഗ് വഴികളിൽനിന്ന് മാറി 9.Q-b1 എന്ന അപൂർവ നീക്കത്തിലൂടെ ഗുകേഷ് പുതിയ സാധ്യതകൾ തുറന്നപ്പോൾ, 9...Nx-c3 എന്ന കൃത്യമായ മറുപടിയിലൂടെ സിന്ദറോവ് ആ നീക്കത്തിന്റെ അപകടസാധ്യതകൾക്ക് തടയിട്ടു. ആദ്യഘട്ടത്തിൽ സമയത്തിന്റെ കാര്യത്തിൽ സമ്മർദ്ദം നേരിട്ട സിന്ദറോവ് പിന്നീട് നിലയുറപ്പിച്ചതോടെ ഗുകേഷിന്റെ ആക്രമണശ്രമങ്ങൾക്ക് പ്രതീക്ഷിച്ച മേൽക്കൈ നേടാനായില്ല.
മധ്യഘട്ടത്തിൽ കാലാളുകളുടെ ഘടനയും സമയത്തിന്റെ ആനുകൂല്യവും സിന്ദറോവിന് നേരിയ പ്രതീക്ഷ നൽകിയെങ്കിലും ലോകചാമ്പ്യൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ആക്രമണത്തിനുള്ള അവസരങ്ങൾ തേടിയ ഗുകേഷും പ്രതിരോധത്തിലെ കൃത്യതകൊണ്ട് മറുപടി നൽകിയ സിന്ദറോവും പിഴവുകൾക്ക് ഇടം നൽകാതെ മുന്നേറിയതോടെ മത്സരം വീണ്ടും സമനിലയുടെ വഴിയിലായി. ഒടുവിൽ 34 നീക്കങ്ങൾക്കുശേഷം ഇരുവരും സമനില അംഗീകരിച്ചു. ഇരുവർക്കും രണ്ട് പോയിന്റ് വീതമാണുള്ളത്.
അഞ്ചാം ഗെയിം ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30 ന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
