മുംബയ് : അഞ്ച് തവണ ഐ.പി.എൽ കിരീടനേട്ടത്തിലേക്ക് നയിച്ച രോഹിത് ശർമ്മയെ വീണ്ടും ക്യാപ്ടൻസി ഏൽപ്പിച്ച് മുംബയ് ഇന്ത്യൻസ്. കൃത്യം മൂന്ന് വർഷം മുമ്പ് ഹാർദിക് പാണ്ഡ്യയെ നായകനാക്കി പ്രഖ്യാപിച്ച അതേ നവംബർ 27-ാംതീയതിയാണ് രോഹിതിനെ തിരിച്ചുവിളിച്ചുകൊണ്ടുള്ള മുംബയ് ഇന്ത്യൻസിന്റെ പ്രഖ്യാപനം വന്നത്.
ഒരു പതിറ്റാണ്ടുകാലം മുംബയ് ഇന്ത്യൻസിനെ നയിച്ച രോഹിത് കഴിഞ്ഞ മൂന്ന് സീസണുകളിലും ടീമിൽ തുടരുകയായിരുന്നു. കുറച്ചുദിവസങ്ങ ൾക്ക് മുമ്പ് ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിംഗ്‌സിന് നൽകി അർഷ്ദീപ് സിംഗിനെ സ്വന്തമാക്കിയപ്പോൾ മുതൽ അന്തരീക്ഷത്തിലുണ്ടായിരുന്ന ക്യാപ്ടൻസിയിലേക്കുള്ള രോഹിത് ശർമ്മയുടെ തിരിച്ചുവരവിന് ഇന്നലെ ക്‌ളബ് മാനേജ്‌മെന്റ് ഔദ്യോഗിക പരിവേഷം നൽകുകയായിരുന്നു. 39-ാം വയസിലാണ് രോഹിത് വീണ്ടും നീലക്കുപ്പായക്കാരുടെ നായകനാകുന്നത്.
2023ൽ മുംബയ് ഇന്ത്യൻസ് നായകപദവിയിൽ നിന്ന് മാറ്റുമ്പോൾ രോഹിത് മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ നായകനായിരുന്നു. 2024ൽ ഇന്ത്യയെ ലോകകപ്പ് നേട്ടത്തിലെത്തിച്ച ശേഷമാണ് രോഹിത് ട്വന്റി20 ഫോർമാറ്റിൽ നിന്ന് അന്താരാഷ്ട്ര വിരമിക്കൽ പ്രഖ്യാപിച്ചത്. രോഹിത് ക്യാപ്ടനായ അവസാന ട്വന്റി20 മത്സരം 2024 ലോകകപ്പ് ഫൈനലാണ്.
2025 ചമ്പ്യൻസ് ട്രോഫി കിരീടനേട്ടത്തിന് ശേഷം ഏകദിനത്തിലെ ക്യാപ്ടൻസിയിൽ നിന്നും മാറേണ്ടിവന്നു. കഴിഞ്ഞ സീസണിൽ മുംബയ് ഇന്ത്യൻസ് മോശം പ്രകടനം നടത്തിയപ്പോൾ ക്യാപ്ടനായി രോഹിതിനെ തിരികെ വിളിക്കണമെന്ന് മുറവിളി ഉയർന്നിരുന്നു.
ഐ.പി.എല്ലിന്റെ ആദ്യ മൂന്ന് സീസണുകളിൽ ഡെക്കാൻചാർജേഴ്‌സിനൊപ്പം കളിച്ചിരുന്ന രോഹിത് 2011ലാണ് മുംബയ് ഇന്ത്യൻസിലേക്ക് എത്തിയത്. 2013 സീസണിന്റെ പാതിവഴിയിൽ ടീം തുടർതോൽവികൾ വഴങ്ങിപ്പോൾ റിക്കി പോണ്ടിംഗിൽ നിന്നാണ് രോഹിത് ക്യാപ്ടൻസി ഏറ്റെടുത്തത്. ആ ഘട്ടത്തിൽ എല്ലാവരും എഴുതിത്തള്ളിയിരുന്ന മുംബയ് ഇന്ത്യൻസിനെ ആ സീസണിലെ കിരീടജേതാക്കളാക്കി മാറ്റാൻ രോഹിതിന് കഴിഞ്ഞു.
2015, 2017, 2019, 2020 സീസണുകളിൽകൂടി മുംബയ്‌യെ കിരീടത്തിലെത്തിച്ച രോഹിത് അഞ്ച് തവണ ഐ.പി.എൽ കിരീടം നേടുന്ന ആദ്യ നായകനുമായി. 2023ൽ ഗുജറാത്ത് ടൈറ്റാൻസിൽ നിന്ന് എത്തിച്ച ഹാർദിക് പാണ്ഡ്യയ്ക്ക് നൽകാനാണ് രോഹിതിൽ നിന്ന് ക്യാപ്ടൻസി മാറ്റിയത്.
10 വർഷത്തിനിടെ 158 മത്സരങ്ങളിൽ മുംബയ് ഇന്ത്യൻസിനെ നയിച്ച രോഹിത് 87 മത്സരങ്ങളിൽ വിജയം നേടിക്കൊടുത്തു. ഐ.പി.എല്ലിൽ രോഹിതിനെക്കാൾ വിജയങ്ങൾ നേടിയ നായകൻ ധോണി മാത്രമാണ്.
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ നായകനെന്ന റെക്കാഡ് രോഹിതും ധോണിയും പങ്കിടുകയാണ്.
ഇന്നലെ വൈകിട്ട് 5.45നാണ് മുംബയ് ഇന്ത്യൻസ് രോഹിതിനെ വീണ്ടും നായകനായി പ്രഖ്യാപിച്ചത്. രോഹിതിന്റെ അഞ്ച് ഐ.പി.എൽ കിരീടങ്ങളും 45 എന്ന ജഴ്‌സി നമ്പരും സൂചിപ്പിക്കാനാണ് ഈ സമയം തിരഞ്ഞെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
