മൊഹാലി: എലൈറ്റ് ഗ്രൂപ്പ് സിയിലെ ജീവന്മരണ പോരാട്ടത്തിൽ ഹിമാചൽ പ്രദേശിനെ കീഴടക്കി കേരളം സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിന്റെ സൂപ്പർ ലീഗിലേക്ക് മുന്നേറി. 67 റൺസിനായിരുന്നു കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ നാല് വിക്കറ്റിന് 268 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. മറുപടിക്കിറങ്ങിയ ഹിമാചൽ പൊരുതിയെങ്കിലും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവരുടെ പോരാട്ടം അവസാനിച്ചു. വെടിക്കെട്ട് സെഞ്ച്വറിയുമായി കേരളത്തിന് വിജയമൊരുക്കിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് (57 പന്തിൽ 101) പ്ലെയർ ഓഫ് ദി മാച്ച്.
ബാറ്റർമാർ തകർത്താടിയ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടർച്ചയായ മൂന്നാം മത്സരത്തിലും അസ്ഹറുദ്ദീനും രോഹൻ കുന്നുമ്മലും (16 പന്തിൽ 35) ചേർന്ന് മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് 4.1 ഓവറിൽ കേരളത്തിന്റെ സ്‌കോർ 50 കടത്തി. ഹർഷിത് സണ്ടാൽ എറിഞ്ഞ അഞ്ചാം ഓവറിൽ തുടരെ നാല് ഫോറും ഒരു സിക്‌സുമാണ് അസ്ഹർ നേടിയത്. അടുത്ത ഓവറിൽ രോഹനെ അർപിത് ഗുലേരിയ പുറത്താക്കി.
തുടർന്നെത്തിയ ക്യാപ്ടൻ സഞ്ജു സാംസണും അസ്ഹറുദ്ദീനും 40 പന്തുകളിൽ 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 21 പന്തുകളിൽ അഞ്ച് ഫോറും രണ്ട് സിക്‌സുമടക്കം 44 റൺസെടുത്ത സഞ്ജു 13-ാം ഓവറിലാണ് പുറത്തായത്. തുടർന്നെത്തിയ വിഷ്ണു വിനോദ് 11 പന്തുകളിൽ ഒരു ഫോറും രണ്ട് സിക്‌സുമടക്കം 22 റൺസ് നേടി മടങ്ങി. തകർത്തടിച്ച് മുന്നേറിയ 56 പന്തുകളിൽ സെഞ്ച്വറി പൂർത്തിയാക്കി. സെഞ്ച്വറി നേടിയതിന് പിന്നാലെ 18-ാം ഓവറിലെ രണ്ടാം പന്തിൽ അസ്ഹറുദ്ദീനെ ആര്യമാൻ സിംഗ് ക്ലീൻബൗൾഡാക്കി.
57 പന്തുകളിൽ എട്ട് ഫോറും ആറ് സിക്‌സും ഉൾപ്പെട്ടതാണ് അസ്ഹറിന്റെ ഇന്നിംഗ്‌സ്. തുടർന്നെത്തിയ അബ്ദുൾ ബാസിദ് ഓവറിലെ ശേഷിക്കുന്ന നാല് പന്തുകളും അതിർത്തി കടത്തി. അഞ്ച് പന്തുകളിൽ ഒരു ഫോറും മൂന്ന് സിക്‌സുമടക്കം 24 റൺസുമായി അബ്ദുൾ ബാസിദും 15 പന്തുകളിൽ 26 റൺസുമായി സൽമാൻ നിസാറും പുറത്താകാതെ നിന്നു. ഹിമാചലിന് വേണ്ടി മൃദുൽ സറോച് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടിക്കിറങ്ങിയ ഹിമാചൽ പ്രദേശിന്റെ ആയുഷ് ജംവാളിനെ (4) ആദ്യ ഓവറിൽ തന്നെ എം.ഡി. നിധീഷ് സഞ്ജുവിന്റെ കൈയിൽ എത്തിച്ചു. 28 പന്തിൽ പുറത്താകാതെ 57 റൺസ് നേടിയ വൈഭവ് കാൾട്ടയാണ് ഹിമാചലിന്റെ ടോപ് സ്‌കോറർ. ഏകാന്ത് സെൻ (39), ആര്യമാൻ (പുറത്താകാതെ 30), പുഖ്രാജ് മൻ (29), മൃദുൽ (29) എന്നിവരും പൊരുതി.
കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
268/4 അംഗീകൃത ട്വന്റി20 മത്സരത്തിൽ കേരളത്തിന്റെ ഏറ്റവും ഉയർന്ന ടോട്ടലാണിത്. സാംസൺ സെലിബ്രേഷൻ മുഹമ്മദ് അസ്ഹറുദ്ദീൻ സെഞ്ച്വറി നേടിയ ശേഷം തന്റെ ബാറ്റിൽ സാംസൺ എന്ന് കുറിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ആഘോഷിച്ചത്. ഇന്ത്യൻ ട്വന്റി20 ടീമിൽ ഓപ്പണറായ സഞ്ജു, മറ്റ് താരങ്ങൾക്ക് അവസരം നൽകാനായി കേരളത്തിനായി വൺ ഡൗണിലും അതിനു താഴെയുള്ള പൊസിഷനുകളിലുമാണ് ടൂർണമെന്റിൽ ബാറ്റിംഗിനിറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
