ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ 2018ലെ 'സാൻഡ്‌പേപ്പർഗേറ്റ്' (പന്ത് ചുരണ്ടൽ) വിവാദത്തിൽ ഓസ്‌ട്രേലിയൻ ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ദക്ഷിണാഫ്രിക്കൻ നായകൻ എ.ബി. ഡിവില്ലിയേഴ്‌സ് രംഗത്ത്.
2018ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പരയിലുടനീളം ഓസ്‌ട്രേലിയൻ ടീം വ്യാപകമായി പന്തിൽ കൃത്രിമം കാണിച്ചിരുന്നുവെന്നും, ഈ നിയമവിരുദ്ധ നീക്കങ്ങളെക്കുറിച്ച് ടീമിലെ ഓരോ അംഗത്തിനും കൃത്യമായ അറിവുണ്ടായിരുന്നുവെന്നും ഡിവില്ലിയേഴ്‌സ് ആരോപിച്ചു.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇതിഹാസ താരം പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.
കേപ് ടൗണിന് മുൻപേ തുടങ്ങിയ ചതി; ഡർബൻ ടെസ്റ്റിലേക്കും വിരൽചൂണ്ടി ഡിവില്ലിയേഴ്‌സ്. കുപ്രസിദ്ധമായ കേപ് ടൗൺ മൂന്നാം ടെസ്റ്റിൽ മാത്രമാണ് പന്ത് ചുരണ്ടൽ നടന്നതെന്ന വാദത്തെ ഡിവില്ലിയേഴ്‌സ് പൂർണ്ണമായും തള്ളിക്കളഞ്ഞു.
പരമ്പരയിലെ ആദ്യ മത്സരം നടന്ന ഡർബനിൽ വെച്ചുതന്നെ ഓസ്‌ട്രേലിയൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിത്തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 'കേപ് ടൗണിലെ സംഭവങ്ങൾക്കും മുൻപേ തന്നെ അവർ പന്തിൽ കൃത്രിമം കാണിച്ചിരുന്നു എന്നതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഡർബൻ ടെസ്റ്റിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും.
പന്ത് അസ്വാഭാവികമായി നേരത്തെ തന്നെ റിവേഴ്‌സ് സ്വിംഗ് ചെയ്യുന്നുണ്ടായിരുന്നു,' എന്ന് എ.ബി. ഡിവില്ലിയേഴ്‌സ് പറഞ്ഞു.
പന്ത് ചുരണ്ടാൻ ഉപയോഗിച്ചത് സാൻഡ്‌പേപ്പർ (ഉരകക്കടലാസ്) ആണോ മറ്റെന്തെങ്കിലും വസ്തുവാണോ എന്നതിലല്ല, മറിച്ച് മൈതാനത്ത് നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാൻ ടീം ഒന്നടങ്കം മുൻകൂട്ടി തീരുമാനമെടുത്തു എന്നതാണ് ഗൗരവകരമായ വിഷയമെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു.
ഓസ്‌ട്രേലിയൻ താരങ്ങളായ ഉസ്മാൻ ഖവാജ, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവരുടെ സമീപകാല വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം. ടീമിലെ എല്ലാവർക്കും ഇതേക്കുറിച്ച് അറിയാമായിരുന്നുവെന്ന് ഇരുവരും വെളിപ്പെടുത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
