സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ജയം. കേരളം ഉയർത്തിയ 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പോണ്ടിച്ചേരിയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. നാല് വിക്കറ്റ് നേടിയ എം.ഡി. നിധീഷാണ് പോണ്ടിച്ചേരിയുടെ ബാറ്റിങ് നിരയെ തകർത്തത്. ടൂർണമെന്റിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് നിലവിൽ 12 പോയിന്റാണ് സഞ്ജു സാംസണിന്റെ സംഘത്തിനുള്ളത്.
പോണ്ടിച്ചേരിയുടെ ബാറ്റിങ് നിരയെ പവർപ്ലേയിൽ തന്നെ തകർക്കാൻ നിധീഷിന് സാധിച്ചതാണ് കേരളത്തിന്റെ ജയം എളുപ്പമാക്കിയത്. ഓപ്പണർമാരായ ഭാനു ആനന്ദ് (9), പുഗഴേന്തി ആകാശ് (6), പരമേശ്വരൻ ശിവരാമൻ (0), ശശാങ്ക് സിങ് (0) എന്നിവരുടെ വിക്കറ്റുകളാണ് നിധീഷ് വീഴ്ത്തിയത്. പ്രസാദ് പവാറും (67), അങ്കിത് ശർമയും (45), സാഗർ ത്രിവേദിയും (19 പന്തിൽ 34 റൺസ്) പോരാടിയെങ്കിലും കൃത്യമായ ഇടവേളകളിൽ കൂട്ടുകെട്ട് പൊളിച്ച് കേരളം മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു.
നിധീഷിന് പുറമെ കാർത്തിക് ബി. നായർ, കെ.എം. ആസിഫ്, മുഹമ്മദ് ഷറഫുദീൻ എന്നിവർ പന്തുകൊണ്ട് തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളം മുഹമ്മദ് അസറുദീന്റെയും രോഹിൻ കുന്നുമ്മലിന്റെ അർദ്ധ സെഞ്ചുറികളുടെ മികവിലാണ് 204 എന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. അസറുദീൻ 48 പന്തിലാണ് 78 റൺസ് നേടിയത്. ഏഴ് ഫോറും മൂന്ന് സിക്‌സും ഇന്നിങ്‌സിൽ ഉൾപ്പെട്ടു. രോഹിൻ 35 പന്തിൽ 59 റൺസും സ്‌കോർ ചെയ്തു. 19 പന്തിൽ 34 റൺസ് നേടിയ വിഷ്ണു വിനോദാണ് കേരളത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട സ്‌കോറർ. സഞ്ജു സാംസൺ ഒൻപത് പന്തിൽ 17 റൺസ് നേടിയാണ് മടങ്ങിയത്.
പോണ്ടിച്ചേരിക്കായി നായകൻ അമൻ ഖാൻ രണ്ട് വിക്കറ്റ് സ്വന്തമാക്കി. സാഗർ ഉദേശിയും ആദിൽ ആയുബും ഓരോ വിക്കറ്റ് വീതവും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
