ബെലവാന്‍: ചൈനയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നീങ്ങുകയായിരുന്ന ചരക്കുകപ്പല്‍ വടക്കന്‍ സുമാത്രയിലെ ബെലവാന്‍ തീരത്തിന് സമീപം ഇന്തൊനീഷ്യന്‍ നാവികസേന പിടിച്ചെടുത്തു. കപ്പലില്‍ സൂക്ഷിച്ചിരുന്ന 36 കണ്ടെയ്‌നറുകളില്‍ 15 എണ്ണത്തിലായി 405 ടണ്‍ സോഡിയം പെര്‍ക്ലോറേറ്റും 54 പാലറ്റുകളിലായി ലക്ഷക്കണക്കിന് രജിസ്റ്റര്‍ ചെയ്യാത്ത 4ജി സിം കാര്‍ഡുകളും അധികൃതര്‍ കണ്ടെത്തി.
കൊമോറോസ് പതാകയുള്ള 'എം.വി സ്റ്റാര്‍ ലൈന്‍സ്' എന്ന കപ്പലാണ് സമുദ്രാതിര്‍ത്തിയില്‍ നാവികസേനയുടെ പിടിയിലായത്. ചൈനയിലെ ലിയാന്‍യുങ്കാങ് തുറമുഖത്തുനിന്ന് ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തേക്ക് പോകുകയായിരുന്നു കപ്പല്‍. സഞ്ചാരപാതയിലെ അസ്വാഭാവിക നീക്കങ്ങളും റേഡിയോ സന്ദേശങ്ങളോട് പ്രതികരിക്കാത്തതും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധന നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. റോക്കറ്റുകളിലും മിസൈലുകളിലും പ്രൊപ്പല്ലന്റായി ഉപയോഗിക്കുന്ന ശക്തമായ ഓക്‌സിഡൈസിങ് രാസവസ്തുവാണ് സോഡിയം പെര്‍ക്ലോറേറ്റ്. പിടിച്ചെടുത്ത അളവ് ഉപയോഗിച്ച് ഏകദേശം 100 മിസൈലുകള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുമെന്ന് നാവികസേന റിയര്‍ അഡ്മിറല്‍ ഡെനി സെപ്റ്റിയന്‍ വ്യക്തമാക്കി. ഇതിനൊപ്പം കണ്ടെത്തിയ രജിസ്റ്റര്‍ ചെയ്യാത്ത സിം കാര്‍ഡുകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്.
കപ്പലിന്റെ രജിസ്‌ട്രേഷന്‍ മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും ചില രേഖകളുടെ കാലാവധി കഴിഞ്ഞിരുന്നുവെന്നും കൃത്രിമം നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നുണ്ടെന്നും ഇന്തൊനീഷ്യന്‍ നാവികസേന വ്യക്തമാക്കി. ബംഗ്ലാദേശില്‍ ഈ ചരക്ക് ആര്‍ക്കാണ് കൈമാറേണ്ടതെന്നോ ഏത് സ്ഥാപനമാണ് ഇതിന് പിന്നിലെന്നോ വ്യക്തമായിട്ടില്ല. കപ്പല്‍ ജീവനക്കാരെയും രേഖകളും വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും സുരക്ഷാ ഏജന്‍സികള്‍ സംഭവത്തില്‍ സമഗ്ര അന്വേഷണം ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
