ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചനം വെട്ടി ഷെഹബാസ് ഷരീഫ്; 2050-ല്‍ പാക്കിസ്ഥാന്‍ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അവകാശവാദം

NOVEMBER 16, 2026, 8:21 PM

ഇസ്ലാമാബാദ്: ആഗോള ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്സിന്റെ പ്രവചനങ്ങളെ മറികടന്ന്, പ്രതീക്ഷിച്ചതിലും 25 വര്‍ഷം മുന്‍പേ തന്നെ പാക്കിസ്ഥാന്‍ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ്. ഇസ്ലാമാബാദില്‍ നടന്ന 'പാക്കിസ്ഥാന്‍ മിനറല്‍സ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം-2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2075-ഓടെ പാക്കിസ്ഥാന്‍ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നായിരുന്നു ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ 2050-ഓടെ തന്നെ പാക്കിസ്ഥാന്‍ ഈ നേട്ടം കൈവരിക്കുമെന്നാണ് ഷെഹബാസ് ഷരീഫ് അവകാശപ്പെടുന്നത്. രാജ്യത്തെ ഖനന, ധാതു മേഖലകളിലേക്ക് ഒഴുകുന്ന വന്‍തോതിലുള്ള വിദേശ നിക്ഷേപമാണ് ഈ സാമ്പത്തിക കുതിപ്പിന് കരുത്തേകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാനില്‍ ഇതുവരെ ഉപയോഗപ്പെടുത്താത്ത ചെമ്പ്, സ്വര്‍ണം, മറ്റ് അപൂര്‍വ ധാതുക്കള്‍ എന്നിവയുടെ വന്‍തോതിലുള്ള ഖനനം രാജ്യത്തിന്റെ ജിഡിപിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യാന്തര നാണ്യനിധിയുടെ നിലവിലെ കണക്കുകള്‍ പ്രകാരം വെറും 450 ബില്യന്‍ ഡോളര്‍ ജിഡിപി മൂല്യവുമായി ലോകത്തെ 42-ാമത്തെ വലിയ സമ്പദ്വ്യവസ്ഥ മാത്രമാണ് പാക്കിസ്ഥാന്‍. 40-ാം സ്ഥാനത്തുള്ള ബംഗ്ലദേശിനേക്കാളും പിന്നിലാണ് പാക്കിസ്ഥാന്റെ നിലവിലെ സ്ഥാനം. അതേസമയം, അയല്‍രാജ്യമായ ഇന്ത്യ 4.06 ട്രില്യന്‍ ഡോളര്‍ ജിഡിപി മൂല്യവുമായി നിലവില്‍ ആറാം സ്ഥാനത്താണ്.

ഗോള്‍ഡ്മാന്‍ സാക്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2050-ഓടെ ഇന്ത്യ 22.2 ട്രില്യന്‍ ഡോളര്‍ (22 ലക്ഷം കോടി ഡോളര്‍) ജിഡിപി മൂല്യവുമായി ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ചൈന ഒന്നാമതും അമേരിക്ക രണ്ടാമതുമായിരിക്കും. ആ വര്‍ഷം പാക്കിസ്ഥാന്‍ 3.3 ട്രില്യന്‍ ഡോളര്‍ ജിഡിപിയുമായി 16-ാം സ്ഥാനത്തായിരിക്കുമെന്നും ഇന്തൊനീഷ്യ, ജര്‍മനി, ജപ്പാന്‍, യുകെ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, നൈജീരിയ, കാനഡ, സൗദി അറേബ്യ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങള്‍ പാക്കിസ്ഥാനേക്കാള്‍ മുന്നിലായിരിക്കുമെന്നുമാണ് ഗോള്‍ഡ്മാന്‍ സാക്സ് വിലയിരുത്തുന്നത്. എന്നാല്‍, ഷെഹബാസ് ഷരീഫിന്റെ അവകാശവാദം യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ 2050-ല്‍ തന്നെ ജര്‍മനി, ജപ്പാന്‍, യുകെ, ഫ്രാന്‍സ് തുടങ്ങിയ വന്‍കിട രാജ്യങ്ങളെ പാക്കിസ്ഥാന്‍ മറികടക്കേണ്ടി വരും.

2075-ലെ ആഗോള സാമ്പത്തിക ഭൂപടത്തിലും ഇന്ത്യയുടെ വന്‍ മുന്നേറ്റമാണ് ഗോള്‍ഡ്മാന്‍ സാക്സ് പ്രവചിക്കുന്നത്. 2075-ഓടെ 52 ട്രില്യന്‍ ഡോളര്‍ ജിഡിപി മൂല്യവുമായി അമേരിക്കയെ (51 ട്രില്യന്‍ ഡോളര്‍) പിന്തള്ളി ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. 57 ട്രില്യന്‍ ഡോളറുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരും. മാനുഫാക്ചറിങ് മേഖലയിലെ വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. ഇതേ വര്‍ഷം ആഫ്രിക്കന്‍ ശക്തിയായ നൈജീരിയ അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാന്‍ ആറാം സ്ഥാനത്തുമെത്തുമ്പോള്‍, ജപ്പാന്‍ ആദ്യ പത്തില്‍ നിന്ന് പുറത്താകുമെന്നും ജര്‍മനിയും യുകെയും യഥാക്രമം ഒന്‍പതും പത്തും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam