ക്യാപ്റ്റൻ തിലക് വർമ സെഞ്ച്വറിയുമായി പൊരുതിയിട്ടും ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് മത്സരത്തിൽ പാക്കിസ്ഥാൻ എ ടീമിനോട് ഇന്ത്യ എ ടീം പരാജയപ്പെട്ടു. 314 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ എ 48 റൺസിനാണ് തോൽവി സമ്മതിച്ചത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 49.2 ഓവറിൽ 313 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. ഇന്ത്യ 49.1 ഓവറിൽ 265ന് എല്ലാവരും പുറത്തായി.
മറുപടി ബാറ്റിംഗിൽ അഭിഷേക് ശർമ (42 പന്തുകളിൽ 70), തിലക് വർമ (149 പന്തുകളിൽ 100), ഷഹബാസ് അഹമ്മദ് (49 പന്തുകളിൽ 56) എന്നിവർ മാത്രമാണ് പോരാട്ടം കാഴ്ചവെച്ചത്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന വൈഭവ് സൂര്യവംശി തുടരെ രണ്ടാം മത്സരത്തിലും ഇംപാക്ട് ഉണ്ടാക്കാതെ ക്രീസ് വിട്ടത് ടീമിന് തിരിച്ചടിയായി. 13 പന്തുകളിൽ നിന്ന് 11 റൺസ് മാത്രമായിരുന്നു വൈഭവിന്റെ സംഭാവന.
രണ്ട് ബൗണ്ടറികൾ നേടി വൈഭവ് ഫോമിലേക്കുയരുന്നതിന്റെ സൂചനകൾ നൽകിയെങ്കിലും മുഹമ്മദ് ഇമ്രാന്റെ പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകി യുവ താരം മടങ്ങി. പിന്നാലെ ആയുഷ് ബദോനെ പൂജ്യത്തിന് പുറത്തായത് ഇന്ത്യയെ ഞെട്ടിച്ചു. മൂന്നാം വിക്കറ്റിൽ അഭിഷേക് ശർമക്കൊപ്പം ചേർന്ന തിലക് വർമ ടീം സ്‌കോർ ഉയർത്താൻ പരിശ്രമിച്ചു. ടീം സ്‌കോർ 93ൽ അഭിഷേക് പുറത്തായത് മത്സരഗതി പാക്കിസ്ഥാന് അനുകൂലമാക്കി.
ഒരറ്റം കാത്തുസൂക്ഷിച്ച് തിലക് വർമ പൊരുതിയപ്പോൾ മറുഭാഗത്ത് ആർക്കും തന്നെ വലിയ ഇന്നിംഗ്‌സുകൾക്ക് സാധിച്ചില്ല. ഷഹബാസ് അർധസെഞ്ച്വറി നേടിയത് പ്രതീക്ഷ നൽകിയിരുന്നു. ഷഹബാസ് പുറത്തായതിന് പിന്നാലെ വിപ്രജ് നിഗമും ഹർഷിത് റാണയും പൂജ്യത്തിന് പുറത്തായത് ഇന്ത്യയുടെ സാധ്യതകൾ അടച്ചു. അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമ പുറത്തായതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിച്ചു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അലി റാസയും ഹസൻ നവാസുമാണ് പാക് ബൗളിംഗിൽ തിളങ്ങിയത്. മുഹമ്മദ് ഇമ്രാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. പാക് ബാറ്റർമാരിൽ ടോപ് സ്‌കോറർ 79 റൺസ് നേടിയ ഹസൻ നവാസാണ്.
പാക് ഓപ്പണർ മാസ് സദാഖാത്ത് (59), ഹസൻ നവാസ് (79), ഫർഹാൻ യൂസഫ് എന്നിവരുടെ അർദ്ധസെഞ്ച്വറികളുടെ മികവിലാണ് പാകിസ്ഥാൻ എ ടീം 313ലെത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണ, പ്രിൻസ് യാദവ്, സുയാംശ് ഷെഡ്‌ജെ, വിപ്രജ് നിഗം എന്നിവർ രണ്ട് വിക്കറ്റ് വീതവും ആയുഷ് ബദോനി ഒരു വിക്കറ്റും വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
