സയ്യിദ് മുഷ്താഖ് അലി ടി20യിൽ ത്രിപുരയെ തകർത്തെറിഞ്ഞ് കേരളത്തിന്റെ കുതിപ്പ്. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ത്രിപുരയെ വെറും 121 റൺസിൽ കേരളം ഒതുക്കി. തുടർന്ന് 5 വിക്കറ്റുകൾ നഷ്ടപ്പെടുത്തി കേരളം ഈ സ്‌കോർ മറികടക്കുകയും ചെയ്തു. കേരളത്തിന് വേണ്ടി പുറത്താകാതെ 51 റൺസ് നേടി സൽമാൻ നിസാർ ആണ് തിളങ്ങിയത്. ഓപ്പണറായി ഇറങ്ങി 22 പന്തിൽ 38 റൺസ് എടുത്ത രോഹൻ കുന്നുമലും മികച്ച പ്രകടനം പുറത്തെടുത്തു. ക്യാപ്ടൻ സഞ്ജു സാംസൺ പുറത്താകാതെ രണ്ട് റൺസ് നേടി.
ആദ്യം ബാറ്റ് ചെയ്ത ത്രിപുരയ്ക്ക് വേണ്ടി 32 പന്തിൽ 41 റൺസെടുത്ത ശ്രീധം പോളിന് മാത്രമാണ് കേരളത്തിന്റെ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ കഴിഞ്ഞുള്ളൂ. തകർച്ചക്കിടെ ക്യാപ്ടൻ മണിശങ്കറും (31) ധൻവീർ സിംഗും (20) പിടിച്ച് നിന്നതോടെയാണ് സ്‌കോർ 121 റൺസിലേക്ക് എത്തിയത്. കേരളത്തിനായി മുഹമ്മദ് ആസിഫും കാർത്തിക് ബി നായരും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിംഗിൽ രോഹനും ഗോവിന്ദ ദേവും മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. ഗോവിന്ദ ദേവ് പുറത്തായതിന് ശേഷം സൽമാനും രോഹനും ഒന്നിച്ചതോടെ കേരളം അനായാസം മുന്നേറി. ടീം സ്‌കോർ 76ൽ നിൽക്കേ രോഹൻ കുന്നുമൽ പുത്തായതോടെയാണ് ത്രിപുര അൽപ്പമെങ്കിലും ആശ്വസിച്ചത്. വിഷ്ണു വിനോദും അബ്ദുൾ ബാസിതും ഷറഫുദ്ദീനും അതിവേഗം പുറത്തായെങ്കിലും സൽമാൻ നിസാർ കേരളത്തെ മുന്നോട്ട് നയിച്ചു. ക്യാപ്ടൻ സഞ്ജുവിനെ ഒപ്പം നിർത്തി അനായാസം കേരളത്തെ സൽമാൻ വിജയത്തിലേക്കും നയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
