ഫുട്‌ബോൾ ലോകത്തെ വിസ്മയിപ്പിച്ച് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയുടെ തിരിച്ചുവരവ്. 46-ാം വയസിൽ പ്രൊഫഷണൽ ഫുട്‌ബോളിൽ വീണ്ടും കളത്തിലിറങ്ങിയ താരം ഇറ്റാലിയൻ ക്ലബായ റവെന്നയ്ക്കായി 45 മിനിറ്റ് കളിച്ചു.
11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം വീണ്ടും പ്രൊഫഷണൽ മത്സരത്തിന്റെ ഭാഗമായത്. ഇറ്റലിയിലെ മൂന്നാം ഡിവിഷൻ ക്ലബായ റവെന്നയുമായി കരാറിലെത്തിയ വിവരം ജൂണിലാണ് റൊണാൾഡീഞ്ഞോ പുറത്തുവിട്ടത്. 2015ൽ ബ്രസീലിയൻ ക്ലബായ ഫ്‌ലുമിനെൻസിനായി കളിച്ചതിന് ശേഷം താരത്തിന്റെ പ്രൊഫഷണൽ കരിയർ അവസാനിച്ചതായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ അഞ്ച് മാസത്തെ കാത്തിരിപ്പിന് ശേഷം പ്രാദേശിക എതിരാളികളായ ഫോർലിക്കെതിരായ മത്സരത്തിൽ റവെന്നയുടെ ആദ്യ ഇലവനിൽ തന്നെ താരം ഇടംപിടിച്ചു.
പത്താം നമ്പർ ജഴ്‌സിയണിഞ്ഞ് റൊണാൾഡീഞ്ഞോ സ്റ്റേഡിയത്തിലേക്ക് എത്തിയപ്പോൾ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. താരത്തിന്റെ തിരിച്ചുവരവ് ആഘോഷിക്കാൻ 5,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയോ ബ്രൂണോ ബെനെല്ലിയിൽ 1,800 പേർക്ക് കൂടി ഇരിക്കാവുന്ന താൽക്കാലിക ഗാലറിയും ഒരുക്കിയിരുന്നു. ഗാലറിയിൽ പടക്കങ്ങളും പുകബോംബുകളും തെളിഞ്ഞപ്പോൾ ആൻഡ്രിയ ബൊച്ചെല്ലിയുടെ 'കോൺ ടെ പാർട്ടിറോ' ഗാനവും സ്റ്റേഡിയത്തിൽ മുഴങ്ങി.
കളത്തിലിറങ്ങിയ റൊണാൾഡീഞ്ഞോയ്ക്ക് ഗോൾ നേടാനായില്ലെങ്കിലും മികച്ച ചില നീക്കങ്ങളിലൂടെ തന്റെ പഴയ മികവിന്റെ തിളക്കം പ്രകടമാക്കി. റവെന്നയുടെ ആദ്യ ഗോളിന് വഴിയൊരുക്കുന്നതിലും താരം പങ്കുവഹിച്ചു. ജൂലിയോ ഡൊണാറ്റിയാണ് ഗോൾ നേടിയത്. വ്യക്തിഗതമായി ഗോൾവസരം സൃഷ്ടിക്കാൻ താരത്തിന് കഴിഞ്ഞില്ലെങ്കിലും ആരാധകർക്ക് ആവേശം പകരുന്ന പ്രകടനമായിരുന്നു തിരിച്ചുവരവിൽ കാഴ്ചവെച്ചത്. ആദ്യ പകുതി അവസാനിച്ചപ്പോൾ ഗാലറിയിലെ ആരാധകരെ അഭിവാദ്യം ചെയ്ത റൊണാൾഡീഞ്ഞോ രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയില്ല. പകരം മാറ്റിയോ മാജിയോ ടീമിലെത്തി.
റവെന്ന ക്ലബിൽ ഓഹരി പങ്കാളിത്തം കൂടിയുള്ള റൊണാൾഡീഞ്ഞോയുടെ തിരിച്ചുവരവ് ഇതോടെ അവസാനിക്കുമോയെന്ന ചോദ്യത്തിനും താരം മറുപടി നൽകി. ഇറ്റാലിയൻ മാധ്യമമായ സ്‌കൈ ഇറ്റാലിയയോട് സംസാരിക്കവെ, ക്ലബ് പ്രസിഡന്റ് വീണ്ടും വിളിച്ചാൽ കളിക്കാൻ എത്തുമെന്നും താരം സൂചിപ്പിച്ചു. 'സമയം വളരെ വേഗത്തിൽ കടന്നുപോയി. ഫുട്‌ബോൾ എനിക്ക് എന്നും അങ്ങനെയാണ്. ഇത് എന്റെ അവസാന മത്സരമാണോ എന്ന് അറിയില്ല. പ്രസിഡന്റ് വീണ്ടും വിളിച്ചാൽ ഞാൻ തിരിച്ചെത്തും. ഇവിടെ കളിക്കാനായതും ഡ്രസിങ് റൂമിലെ ഒരുക്കങ്ങളുടെ ഭാഗമാകാനായതും വലിയ സന്തോഷമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ് ഫുട്‌ബോൾ,' റൊണാൾഡീഞ്ഞോ പറഞ്ഞു.
2008 മുതൽ 2011 വരെ എസി മിലാനുവേണ്ടി കളിച്ചിട്ടുള്ള റൊണാൾഡീഞ്ഞോയുടെ ഇറ്റലിയിലേക്കുള്ള രണ്ടാം വരവാണിത്. മിലാനൊപ്പം ഒരു സീരി എ കിരീടവും താരം നേടിയിട്ടുണ്ട്. പിഎസ്ജി, ബാഴ്‌സലോണ തുടങ്ങിയ വമ്പൻ ക്ലബുകൾക്കായും കളിച്ചിട്ടുള്ള താരം 2002ൽ ബ്രസീലിനൊപ്പം ഫിഫ ലോകകപ്പ് കിരീടവും സ്വന്തമാക്കി. ബാഴ്‌സലോണയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 94 ഗോളുകൾ നേടിയ റൊണാൾഡീഞ്ഞോ ബ്രസീൽ ദേശീയ ടീമിനായി 97 മത്സരങ്ങളിൽ 33 തവണയും വലകുലുക്കിയിട്ടുണ്ട്. ഗ്രെമിയോ, ഫ്‌ലമെംഗോ, അത്‌ലറ്റിക്കോ മിനെറോ, മെക്‌സിക്കൻ ക്ലബായ ക്വെറേറ്റാരോ എന്നിവയ്ക്കായും താരം കളിച്ചിട്ടുണ്ട്.
2008ന് ശേഷം ഇറ്റാലിയൻ രണ്ടാം ഡിവിഷനിൽ കളിക്കാനായിട്ടില്ലാത്ത റവെന്ന നിലവിൽ സീരി സിയുടെ പ്രാദേശിക ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള സ്‌പെസിയയേക്കാൾ ആറ് പോയിന്റ് പിന്നിലായാണ് ടീം മത്സരത്തിനിറങ്ങിയത്. റൊണാൾഡീഞ്ഞോയുടെ വരവ് ക്ലബിനും ആരാധകർക്കും പുതിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
