അർജന്റീന ഫുട്‌ബോളിൽ ലയണൽ മെസ്സിയുടെ പിൻഗാമിയാരെന്ന ചർച്ചകൾ ചൂടുപിടിക്കുകയാണ്. മെസ്സിയുടെ പത്താം നമ്പർ ജഴ്‌സി നിലവിൽ ആർക്കും സ്ഥിരമായി നൽകിയിട്ടില്ല.
സ്ഥിരതയുള്ള ഒരു താരത്തെ കണ്ടെത്തിയതിന് ശേഷം മാത്രമേ പത്താം നമ്പർ ജഴ്‌സി കൈമാറുകയുള്ളൂ എന്ന നിലപാടിലാണ് പരിശീലകൻ ലയണൽ സ്‌കലോണി. ഇതിനിടെ, യുവതാരം നിക്കോ പാസിനെ തന്റെ മകന്റെ പിൻഗാമിയായി മെസ്സിയുടെ അമ്മ സീലിയ കുസിറ്റിനി വിശേഷിപ്പിച്ച വൈകാരിക സംഭവമാണ് ശ്രദ്ധ നേടുന്നത്.
ഒക്ടോബറിൽ ബെനിനെതിരെ നടന്ന മെസ്സിയുടെ അന്താരാഷ്ട്ര വിടവാങ്ങൽ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തുവന്ന നിക്കോ പാസ്, കരഞ്ഞുകൊണ്ടിരുന്ന മെസ്സിയുടെ അമ്മ സീലിയയെ കണ്ടുമുട്ടിയിരുന്നു. മെസ്സിയുടെ അമ്മയുമായി അടുത്ത പരിചയമുള്ളതിനാൽ നിക്കോ അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അപ്പോഴാണ് സീലിയ നിക്കോയോട്, 'നീയാണ് ദേശീയ ടീമിൽ എന്റെ മകന്റെ പിൻഗാമി' എന്ന് പറഞ്ഞത്. റേഡിയോ അഭിമുഖത്തിലാണ് നിക്കോ പാസിന്റെ അമ്മാവൻ ഫാബിയൻ പാസ് ഈ വൈകാരിക നിമിഷം വെളിപ്പെടുത്തിയത്. കോസ്റ്റാറിക്കയ്‌ക്കെതിരായ മത്സരത്തിൽ നിക്കോ പാസ് ഇരട്ട ഗോളുകൾ നേടിയ പശ്ചാത്തലത്തിലായിരുന്നു അമ്മാവന്റെ പ്രതികരണം.
കോസ്റ്റാറിക്കയ്‌ക്കെതിരെ അർജന്റീന ഏഴ് ഗോളുകൾക്ക് വിജയിച്ച മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി നിക്കോ പാസ് മികവ് തെളിയിച്ചിരുന്നു. എങ്കിലും, പത്താം നമ്പർ ജഴ്‌സി പലർക്കായി മാറിമാറി നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും, തീരുമാനമെടുക്കുന്ന സമയത്ത് ദീർഘകാലം അത് നിലനിർത്താൻ കഴിയുന്ന ഒരാൾക്കായിരിക്കും നൽകുകയെന്നും സ്‌കലോണി മത്സരശേഷം വ്യക്തമാക്കി.
മുൻ അർജന്റീന താരം പാബ്ലോ പാസിന്റെ മകനായ നിക്കോ പാസ് നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെയും അർജന്റീന ദേശീയ ടീമിന്റെയും പ്രധാന അറ്റാക്കിംഗ് മിഡ്ഫീൽഡറാണ്. റയൽ മാഡ്രിഡ് യൂത്ത് അക്കാദമിയിലൂടെ വളർന്നുവന്ന താരം 2023-24 സീസണിൽ റയലിന്റെ സീനിയർ ടീമിൽ അരങ്ങേറി. കൂടുതൽ അവസരങ്ങൾക്കായി 2024 ഓഗസ്റ്റിലാണ് സെസ്‌ക് ഫാബ്രിഗസ് പരിശീലിപ്പിക്കുന്ന ഇറ്റാലിയൻ സീരി എ ക്ലബ്ബായ കോമോയിലേക്ക് മാറിയത്.
ആദ്യ സീസണിൽ തന്നെ സീരി എയിലെ മികച്ച യുവതാരമായി നിക്കോ പാസ് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ലീഗിലെ മികച്ച മിഡ്ഫീൽഡറായും അദ്ദേഹം മാറി. കോമോയെ ചരിത്രത്തിലാദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ 12 ഗോളുകളും ആറ് അസിസ്റ്റുകളുമായി നിക്കോ നിർണായക പങ്കുവഹിച്ചു.
മെസ്സിയെപ്പോലെ ഇടംകാൽ കൊണ്ട് പന്ത് നിയന്ത്രിക്കാനും, വലതുവശത്ത് നിന്ന് പന്തുമായി മുന്നേറി പ്രതിരോധ നിരയെ ഭേദിച്ച് പാസുകൾ നൽകാനും ഗോളുകൾ നേടാനുമുള്ള നിക്കോ പാസിന്റെ കഴിവ്, അർജന്റീനയുടെ പത്താം നമ്പർ ജഴ്‌സിയിലേക്ക് അയാൾ അടുക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
