അഞ്ച് പേർ ഡക്ക്! ഒരാൾക്ക് പോലും രണ്ടക്ക സ്‌കോർ കണ്ടെത്താൻ അവസരം നൽകിയില്ല. ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ ജയം.
ഇന്ത്യ ഉയർത്തിയ 333 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ ബാറ്റിംഗ് നിരയിലെ എല്ലാവരും 11.3 ഓവറിൽ 26 റൺസിന് ഓൾ ഔട്ടായി. റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ എയുടെ ഏറ്റവും വലിയ വിജയമാണിത്.
ഹർഷിദ് റാണയും പ്രിൻസ് യാദവും ഓപ്പണിംഗ് സ്‌പെല്ലിൽ തന്നെ നേപ്പാളിനെ എറിഞ്ഞിട്ടു. പത്ത് വിക്കറ്റിൽ ഒമ്പത് വിക്കറ്റും ഇവർ പങ്കിട്ടു. ആറ് ഓവറിൽ 16 റൺസിന് റാണ നാല് വിക്കറ്റും അഞ്ച് ഓവറിൽ ആറ് റൺസിന് അഞ്ച് വിക്കറ്റും വീഴ്ത്തി. ആദ്യ ഓവറിൽ തന്നെ ഹർഷിത് റാണ വിക്കറ്റ് കൊയ്ത്തിന് തുടക്കമിട്ടു. രണ്ടാം ഓവറിൽ പ്രിൻസ് രണ്ട് പേരെ തിരിച്ചയച്ചു. ഒരു ഘട്ടത്തിലും നേപ്പാൾ എ ടീം രാജ്യാന്തര ക്രിക്കറ്റ് നിലവാരത്തിലേക്ക് ഉയർന്നില്ല. ലിസ്റ്റ് എ ക്രിക്കറ്റിലെ നാലാമത്തെ ഏറ്റവും കുറഞ്ഞ സ്‌കോറാണ് നേപ്പാളിന്റേത്. അതേസമയം, ഇന്ത്യയുടെ 306 റൺസ് ജയം ലിസ്റ്റ് എ ക്രിക്കറ്റിലെ ഉയർന്ന എട്ടാമത്തെ വലിയ ജയവും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 332 റൺസാണ് അടിച്ചുകൂട്ടിയത്. ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും (26) അഭിഷേക് ശർമയും (9), വൺ ഡൗണിലെത്തിയ ആയുഷ് ബദോനിയും (2) പെട്ടെന്ന് മടങ്ങിയപ്പോൾ ക്യാപ്റ്റൻ തിലക് വർമയും (107) വിക്കറ്റ് കീപ്പർ കുമാർ കുശാഗ്ര (117)യും സെഞ്ച്വറികൾ നേടി മധ്യനിരക്ക് കരുത്ത് പകർന്നു. ഇവർ ഇരട്ടസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യക്ക് മികച്ച ടോട്ടൽ ഒരുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
