വെല്ലിംഗ്ടൺ ടെസ്റ്റിൽ ബാറ്റിംഗിലൂടെ ചരിത്ര റെക്കോർഡുമായി ഇന്ത്യ

NOVEMBER 22, 2026, 3:44 AM

വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ രണ്ടര ദിവസം നീണ്ടുനിന്ന തകർപ്പൻ ബാറ്റിങിലൂടെ ചരിത്ര റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യ. വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ നടന്ന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്‌സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 720 റൺസ് എന്ന പടുകൂറ്റൻ സ്‌കോർ നേടിയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത്. ഇതോടെ 1930ന് ശേഷം ന്യൂസിലൻഡ് മണ്ണിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ എന്ന റെക്കോർഡ് ഇന്ത്യ സ്വന്തമാക്കി.

2019ൽ ബംഗ്ലാദേശിനെതിരെ ഹാമിൽട്ടണിൽ ന്യൂസിലൻഡ് നേടിയ 715/6 എന്ന റെക്കോർഡാണ് ശുഭ്മാൻ ഗില്ലും സംഘവും തകർത്തത്. ഒന്നാം ഇന്നിംഗ്‌സിൽ 352 റൺസിന്റെ നിർണ്ണായക ലീഡും ഇന്ത്യ സ്വന്തമാക്കി. വിദേശ മണ്ണിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന ടെസ്റ്റ് സ്‌കോർ കൂടിയാണിത്.

2010ൽ കൊളംബോയിൽ ശ്രീലങ്കയ്‌ക്കെതിരെ നേടിയ 707 റൺസിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. ന്യൂസിലൻഡിൽ ഇന്ത്യയുടെ മുൻപത്തെ ഉയർന്ന സ്‌കോർ 2009ൽ ഹാമിൽട്ടണിൽ നേടിയ 520 റൺസായിരുന്നു. കൂടാതെ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്നിംഗ്‌സിലെ ആദ്യ ഏഴ് വിക്കറ്റുകളിലും 50ലധികം റൺസിന്റെ കൂട്ടുകെട്ടുകൾ പടുത്തുയർത്തുന്ന ടീമെന്ന അപൂർവ്വ നേട്ടവും ഇന്ത്യ സ്വന്തമാക്കി.

vachakam
vachakam
vachakam

സെഞ്ച്വറികൾ നേടിയ കെ.എൽ. രാഹുൽ (136), ഋഷഭ് പന്ത് (128) എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗിന് കരുത്തായത്. ക്യാപ്ടൻ ശുഭ്മാൻ ഗില്ലിന് (98) വെറും രണ്ട് റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെട്ടപ്പോൾ, യശസ്വി ജയ്‌സ്വാൾ (85), ദേവ്ദത്ത് പടിക്കൽ (80), ധ്രുവ് ജുറൽ (78) എന്നിവരുടെ തകർപ്പൻ അർദ്ധസെഞ്ച്വറികളും ഇന്ത്യയെ 700 കടത്താൻ സഹായിച്ചു. വ്യക്തിഗത റെക്കോർഡുകളിലും രാഹുലും പന്തും ചരിത്രം കുറിച്ചു. നാല് SENA രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ഓപ്പണറും, രണ്ടാമത്തെ ഏഷ്യൻ ഓപ്പണറുമായി കെ.എൽ. രാഹുൽ മാറി.

മറുവശത്ത്, നാല് SENA രാജ്യങ്ങളിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യൻ വിക്കറ്റ് കീപ്പർ എന്ന ബഹുമതി ഋഷഭ് പന്ത് സ്വന്തമാക്കി. തന്റെ ഒൻപതാം ടെസ്റ്റ് സെഞ്ച്വറി പൂർത്തിയാക്കിയ പന്ത്, ഇന്നിംഗ്‌സിലാകെ ആറ് സിക്‌സറുകൾ പറത്തിയതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലത്തെ (107) മറികടന്ന് രണ്ടാം സ്ഥാനത്തെത്തുകയും (108) ചെയ്തു.

രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് നാലാം ദിനത്തിലെ മത്സരം നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്തിട്ടുണ്ട്. 59 റൺസെടുത്ത ഡിവോൺ കോൺവേയും 27 റൺസെടുത്ത രചിൻ രവീന്ദ്രയും ആണ് ക്രീസിലുള്ളത്. ടോം ലാതത്തിന്റെയും ഹെൻറി നിക്കോൾസിന്റെയും വിക്കറ്റുകളാണ് കിവീസിന് നഷ്ടപ്പെട്ടത്.

vachakam
vachakam
vachakam

ലാതം റൺസൊന്നും എടുക്കാതെയും നിക്കോൾസ് 31 റൺസെടുത്തുമാണ് പുറത്തായത്. ജസ്പ്രീത് ബുംറയും പ്രസിദ് കൃഷ്ണയും ആണ് വിക്കറ്റുകൾ വീഴ്ത്തിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam