സാൻഡ്‌പേപ്പർ വിവാദത്തിൽ ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ തർക്കം വീണ്ടും ശക്തമാകുന്നു. 2018ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെ നടന്ന പന്തുചുരണ്ടൽ സംഭവത്തിൽ അന്നത്തെ ടീമിലെ മുഴുവൻ അംഗങ്ങളും കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിർദേശവുമായി മുൻ ഓസീസ് താരം ഉസ്മാൻ ഖവാജ രംഗത്തെത്തി.
ഇതിന് പിന്നാലെ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ കാമറൂൺ ബാൻക്രോഫ്റ്റിന്റെ നിലപാടും ചർച്ചയാകുകയാണ്. 2018ലെ സംഭവത്തിൽ ടീമിന് കൂട്ടുത്തരവാദിത്തമുണ്ടായിരുന്നുവെന്ന് അംഗീകരിക്കുന്ന സംയുക്ത പ്രസ്താവനയാണ് ഖവാജ മുന്നോട്ടുവച്ചിരിക്കുന്നത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി ടോഡ് ഗ്രീൻബർഗിനും നിർദേശം കൈമാറിയിട്ടുണ്ട്. ഗ്രേഡ് ക്രിക്കറ്റർ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഖവാജ ഇക്കാര്യം വെളിപ്പെടുത്തിയത്.
ദക്ഷിണാഫ്രിക്കയിൽ പന്തിന്റെ സ്വാഭാവിക അവസ്ഥ കൃത്രിമമായി മാറ്റിയിരുന്നുവെന്ന് ടീമിലെ അംഗങ്ങൾക്ക് അറിയാമായിരുന്നുവെന്നും അതിന്റെ ഉത്തരവാദിത്തം മുഴുവൻ ടീമും ഏറ്റെടുക്കണമെന്നുമാണ് ഖവാജയുടെ നിർദേശം. സാൻഡ്‌പേപ്പർ ഉപയോഗിച്ചാണോ മറ്റേതെങ്കിലും മാർഗത്തിലൂടെയാണോ പന്തിൽ കൃത്രിമം കാണിച്ചതെന്നത് വിഷയമല്ലെന്നും ടീമെന്ന നിലയിൽ തങ്ങൾ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം നിർദേശിച്ച പ്രസ്താവനയിൽ പറയുന്നു.
അന്ന് സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ്, ഡേവിഡ് വാർണർ എന്നിവർക്ക് വലിയ വില നൽകേണ്ടിവന്നുവെന്നും ഖവാജ ചൂണ്ടിക്കാട്ടി. ടീമിനുവേണ്ടി അവർ നേരിട്ട തിരിച്ചടികളിൽ ഖേദിക്കുന്നതായും അവരോട് നന്ദിയുള്ളവരായിരിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
എന്നാൽ ഖവാജയുടെ നിർദേശം അംഗീകരിക്കപ്പെടുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മറ്റ് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തശേഷം അറിയിക്കാമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മേധാവി ടോഡ് ഗ്രീൻബർഗ് പ്രതികരിച്ചതെന്ന് ഖവാജ പറഞ്ഞു.
നിർദേശം നടപ്പിലാകുമോയെന്ന് ഉറപ്പില്ലെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് പരസ്പരം പറയാൻ കഴിയുമെന്നായിരുന്നു ഗ്രീൻബർഗിന്റെ നിലപാട്. വിവാദത്തിൽ ഓസ്‌ട്രേലിയൻ ടെസ്റ്റ് നായകൻ പാറ്റ് കമ്മിൻസിന്റെ നിലപാടാണ് ഖവാജയെ നിരാശപ്പെടുത്തിയത്. കമ്മിൻസിൽനിന്ന് ഇത്തരമൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഖവാജയുടെ തുറന്നുപറച്ചിൽ.
വ്യക്തിപരമായ വിമർശനങ്ങൾ ഏറെ വേദനിപ്പിച്ചെന്നും എന്നാൽ കമ്മിൻസിനെ ക്യാപ്ടൻ സ്ഥാനത്തുനിന്ന് മാറ്റണമെന്നോ നിലവിലെ ടീമിനെ പ്രതിസന്ധിയിലാക്കണമെന്നോ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിൻസുമായി ഇപ്പോൾ കാര്യമായ സംസാരമില്ലെങ്കിലും ടീമിലെ എല്ലാവരെയും ഒരുമിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന പ്രതീക്ഷ ഇപ്പോഴും തനിക്കുണ്ടെന്നും ഖവാജ പറഞ്ഞു.
അധികാരവും നേതൃത്വപദവിയും കൈവശമുള്ളതിനാൽ അതിനുള്ള അവസരം കമ്മിൻസിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സഹതാരങ്ങളും ഒടുവിൽ സത്യം തുറന്നുപറയാനുള്ള ധൈര്യവും ആത്മവിശ്വാസവും കാണിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
