മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) 19 സീസണുകൾ പിന്നിടുമ്പോൾ ക്രിക്കറ്റ് മൈതാനത്തെ റെക്കോർഡുകൾക്കൊപ്പം പ്രതിഫലത്തിന്റെ കാര്യത്തിലും വിരാട് കോലിയും രോഹിത് ശർമ്മയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. 2008-ൽ ആരംഭിച്ച ഐപിഎൽ യാത്രയിൽ ഇതുവരെയുള്ള ആകെ പ്രതിഫലം കണക്കാക്കിയാൽ രോഹിത് ശർമ്മയേക്കാൾ 2.01 കോടി രൂപ അധികം സമ്പാദിച്ച് വിരാട് കോലിയാണ് മുന്നിൽ നിൽക്കുന്നത്.
38-കാരനായ കോലിയും 39-കാരനായ രോഹിതും രണ്ട് പതിറ്റാണ്ടായി ലീഗിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളായി തുടരുകയാണ്. 2008-ലെ പ്രഥമ സീസണിൽ ഡെക്കാൻ ചാർജേഴ്‌സ് മൂന്ന് കോടി രൂപയ്ക്ക് രോഹിത് ശർമ്മയെ സ്വന്തമാക്കിയപ്പോൾ, അണ്ടർ-19 പൂളിൽ നിന്ന് വെറും 20.1 ലക്ഷം രൂപയ്ക്കാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) കോലിയെ ടീമിലെത്തിച്ചത്.
2011-ലെ മെഗാ ലേലത്തോടെ ഇരുവരുടെയും മൂല്യം കുത്തനെ ഉയർന്നു. ഒൻപത് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസ് രോഹിത്തിനെ സ്വന്തമാക്കിയപ്പോൾ 8.16 കോടി രൂപയ്ക്ക് ആർസിബി കോലിയെ നിലനിർത്തി. 2013-ൽ ഇരുവരും അതത് ടീമുകളുടെ നായകന്മാരായി മാറി. തുടർന്നുള്ള വർഷങ്ങളിൽ ഇരുവരുടെയും പ്രതിഫലം 12.5 കോടി രൂപയായി ഉയർന്നു.
2018-ൽ കോലിയുടെ ശമ്പളം 17 കോടി രൂപയായപ്പോൾ രോഹിത്തിന് 15 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. 2022-ൽ കോലി സ്വമേധയാ രണ്ട് കോടി കുറച്ച് 15 കോടി വാങ്ങിയപ്പോൾ രോഹിത്തിന്റെ പ്രതിഫലം 16 കോടിയായി ഉയർന്നു. എന്നാൽ 2025-ൽ ആർസിബി കോലിയുടെ പ്രതിഫലം 21 കോടി രൂപയാക്കി ഉയർത്തി പുതിയ ചരിത്രം കുറിച്ചു.
അതേസമയം മുംബൈ ഇന്ത്യൻസ് രോഹിത്തിനെ 16.3 കോടി രൂപയുടെ സ്ലാബിലാണ് നിലനിർത്തിയത്. ഇതോടെ ആകെ സമ്പാദ്യത്തിൽ കോലി 232.15 കോടി രൂപയുമായി ഒന്നാമതും, രോഹിത് 230.14 കോടി രൂപയുമായി തൊട്ടുപിന്നിലുമെത്തി.
ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിലേക്ക് മാറിയ സാഹചര്യത്തിൽ, 2027 സീസണിലേക്ക് രോഹിത് ശർമ്മയെ വീണ്ടും മുംബൈ ഇന്ത്യൻസ് നായകനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹിറ്റ്മാൻ വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോൾ, പുതിയ സീസണിൽ അദ്ദേഹത്തിന്റെ പ്രതിഫലത്തിലും വലിയ വർദ്ധനവ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
