ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം ഇന്ത്യയിൽ നടത്താനുള്ള തീരുമാനത്തിന് പിന്നാലെ, ഐ.പി.എൽ മത്സരം ഓസ്‌ട്രേലിയയിൽ നടത്താനുള്ള നിർദ്ദേശവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള കായികബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി, ഐ.പി.എല്ലിന്റെ ഒരു മത്സരം ഓസ്‌ട്രേലിയയിൽ വെച്ച് നടത്താൻ താൽപ്പര്യമുണ്ടെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിക്കുകയായിരുന്നു. ഡിസംബർ 12ന് ചെന്നൈയിൽ വെച്ച് നടക്കുന്ന ബിഗ് ബാഷ് ലീഗ് ഉദ്ഘാടന മത്സരം (മെൽബൺ റെനെഗേഡ്‌സ് പെർത്ത് സ്‌കോർച്ചേഴ്‌സ്) വലിയൊരു കായിക സഹകരണത്തിന്റെ തുടക്കമാണെന്ന് അധികൃതർ വിലയിരുത്തുന്നു.
ഇത്തരത്തിൽ ബിഗ് ബാഷ് മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിന് പകരമായി, ഐ.പി.എൽ മത്സരം ഓസ്‌ട്രേലിയയിൽ വെച്ച് നടത്താനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നീക്കം. ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും, ബി.സി.സി.ഐയോ ക്രിക്കറ്റ് ഓസ്‌ട്രേലിയയോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസും ചേർന്ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് പ്രഖ്യാപിച്ച ഇന്ത്യഓസ്‌ട്രേലിയ സ്‌പോർട്‌സ് കൊളാബറേഷൻ റോഡ്മാപ്പിന്റെ ഭാഗമാണ് ഈ തീരുമാനങ്ങൾ.
നിലവിൽ ക്രിക്കറ്റ് ലോകത്ത് ഐ.പി.എല്ലിന് ശേഷം ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗുകളിലൊന്നാണ് ബിഗ് ബാഷ്. ചെന്നൈയിലെ മത്സരം ഒരു സ്ഥിരം ഏർപ്പാടാക്കി മാറ്റാനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കം യാഥാർത്ഥ്യമായാൽ അത് അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടറിൽ വലിയൊരു വിപ്ലവത്തിന് തന്നെ വഴിയൊരുക്കും.
സ്‌പോർട്‌സ് സയൻസ്, പരിശീലനം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കൈകോർക്കാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി യുവാക്കൾക്കായി 'ഇന്ത്യ-ഓസ്‌ട്രേലിയ യൂത്ത് സ്‌പോർട്‌സ് ഫെസ്റ്റിവലും' സംഘടിപ്പിക്കും.
2030ലെ കോമൺവെൽത്ത് ഗെയിംസിന് ഇന്ത്യയും, 2032ലെ ബ്രിസ്‌ബേൻ ഒളിമ്പിക്‌സിന് ഓസ്‌ട്രേലിയയും ആതിഥേയത്വം വഹിക്കുന്ന സാഹചര്യത്തിൽ, വരാനിരിക്കുന്ന ദശകം ഇരുരാജ്യങ്ങൾക്കും കായികരംഗത്ത് അതിപ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മെൽബണിൽ വെച്ച് അഭിപ്രായപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
