സ്വപ്ന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രസിഡന്റ് ബിജു തോണിക്കടവിൽ
ഷിക്കാഗോ: അമേരിക്കൻ മലയാളി സമൂഹത്തിന്റെ സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം പകരാൻ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) 2026-2028 ഭരണസമിതിയുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും ഷിക്കാഗോയിൽ പ്രൗഢഗംഭീരമായി നടന്നു.
ഒക്ടോബർ 17 ശനിയാഴ്ച ബെൽവുഡിലെ സീറോ മലബാർ കത്തീഡ്രൽ പാരിഷ് ഹാളിൽ നടന്ന ചടങ്ങ് ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത മലയാള സിനിമാതാരം സരയൂ മോഹൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. എം. ആനന്ദ് പ്രകാശ്, സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ വികാരി ജനറാൾ വെരി റവ. ഫാ. തോമസ് കടുകപ്പിള്ളി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
ഹൂസ്റ്റണിൽ നടന്ന ഒൻപതാമത് ഫോമാ ഇന്റർനാഷണൽ ഫാമിലി കൺവൻഷനിൽ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ദേശീയ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾക്കാണ് ഇതോടെ ഔദ്യോഗിക തുടക്കമായത്.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റായി ബിജു തോണിക്കടവിൽ ചുമതലയേറ്റു. പോൾ പി. ജോസ് ജനറൽ സെക്രട്ടറിയായും പ്രദീപ് നായർ ട്രഷററായും സാമുവൽ മാത്യു വൈസ് പ്രസിഡന്റായും ഡോ. മഞ്ജു പിള്ള ജോയിന്റ് സെക്രട്ടറിയായും ജോൺസൺ കണ്ണൂക്കാടൻ ജോയിന്റ് ട്രഷററായും ചുമതലയേറ്റു.
ജനറൽ ബോഡിയിൽ ഫോമാ ജുഡീഷ്യറി ചെയർമാൻ ബെന്നി വാച്ചാച്ചിറ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും റീജിയണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹികൾക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സ്ഥാനാരോഹണത്തിന് ശേഷം തുടർന്ന ജനറൽ ബോഡിയിൽ പുതിയ ട്രഷറർ പ്രീ ബജറ്റ് അവതരിപ്പിച്ചു.
സത്യപ്രതിജ്ഞയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തിൽ പുതിയ പ്രസിഡന്റ് ബിജു തോണിക്കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പോൾ പി. ജോസ് സ്വാഗതം ആശംസിച്ചു.
ഫോമയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ നിർധന കുടുംബങ്ങൾക്കായി 20 വീടുകൾ നിർമിച്ചുനൽകുന്ന 'ഫോമാ 2020 ഹൗസിങ് പ്രോജക്ട്', 20 നിർധന വനിതകളുടെ സമൂഹവിവാഹം എന്നിവയുൾപ്പെടെയുള്ള കർമപരിപാടികൾ നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പാക്കുമെന്ന് പ്രസിഡന്റ് ബിജു തോണിക്കടവിൽ അറിയിച്ചു.
സാമൂഹിക പ്രതിബദ്ധതയ്ക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന പ്രവർത്തനരീതിയിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും സംഘടനയുടെ സേവനമേഖലയും കൂടുതൽ ശക്തിപ്പെടുത്തുകയാണ് പുതിയ ഭരണസമിതിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുക, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുക, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രതിമാസ ഓൺലൈൻ സംഗമങ്ങൾ നടത്തുക തുടങ്ങിയ പദ്ധതികളും പുതിയ ഭരണസമിതിയുടെ പ്രവർത്തനപദ്ധതിയിലുണ്ട്.
60 വയസ്സിനു മുകളിലുള്ളവർക്കായി യോഗ, വിനോദം, ആരോഗ്യോപദേശം എന്നിവ ഉൾപ്പെടുത്തിയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ അവരുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
കേരളവും അമേരിക്കയും തമ്മിലുള്ള സംരംഭകവ്യവസായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള 'ബിസിനസ് ബിയോണ്ട് ബോർഡേഴ്സ്' പദ്ധതിക്കും പ്രാധാന്യം നൽകും. സംരംഭകത്വ വികസനത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിക്കും.
ദേശീയ കൺവൻഷൻ നാലു ദിവസത്തിൽനിന്ന് അഞ്ചു ദിവസമായി വിപുലീകരിക്കുക, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക ദിനം ഉൾപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും പുതിയ നേതൃത്വം മുന്നോട്ടുവച്ചിട്ടുണ്ട്. സാമൂഹിക സേവനം, കുടുംബശാക്തീകരണം, ആരോഗ്യം, മാനസിക ക്ഷേമം, കലാസാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കും ഭരണസമിതി പ്രത്യേക പരിഗണന നൽകും.
സമ്മേളനത്തിൽ 2024-2026 കാലഘട്ടത്തിലെ ഫോമാ സുവനീറിന്റെ പ്രകാശനം ചീഫ് എഡിറ്റർ അച്ചൻകുഞ്ഞ് മാത്യു മുഖ്യാതിഥിയായ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഡോ. എം. ആനന്ദ് പ്രകാശിന് നൽകിക്കൊണ്ട് നിർവഹിച്ചു.
'ഫോമാ 2020 ഹൗസിങ് പ്രോജക്ടി'ന്റെ ആദ്യ ചെക്ക് ന്യൂ എംപയർ റീജിയന്റെ മുൻ ആർ.വി.പി പി.ടി.തോമസ് പ്രസിഡന്റ് ബിജു തോണിക്കടവിലിന് നൽകി. തുടർന്ന് അദ്ദേഹത്തെ ആദരിച്ചു.
ചടങ്ങിൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബേബി മണക്കുന്നേലും പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംസാരിച്ചു. പ്രവർത്തനോദ്ഘാടനത്തിനു മുന്നോടിയായി ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് ആറിന് 'ഫോമാ ഇന്നലെ, ഇന്ന്, നാളെ' എന്ന പേരിൽ സൗഹൃദസംഗമവും സംഘടിപ്പിച്ചു.
ഫോമയുടെ മുൻ പ്രസിഡന്റുമാർ, മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ദേശീയ നേതാക്കൾ, ഡെലിഗേറ്റുകൾ, പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്ത സംഗമം സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവിപരിപാടികളെക്കുറിച്ച് ആശയങ്ങൾ പങ്കുവയ്ക്കുന്നതിനുമുള്ള വേദിയായി.
ഒക്ടോബർ 17ന് ഉച്ചകഴിഞ്ഞ് നടന്ന ജനറൽ ബോഡിക്കുശേഷം സോഷ്യൽ അവറും സ്ഥാനാരോഹണച്ചടങ്ങും കലാപരിപാടികളും അരങ്ങേറി. ഷിക്കാഗോ മണവാളൻസ് അവതരിപ്പിച്ച നൃത്തം, സംഗീതം, ഹാസ്യപരിപാടികൾ, മലയാളം സ്കിറ്റുകൾ എന്നിവ ഉൾപ്പെട്ട കലാവിരുന്ന് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
ഫോമാ സെൻട്രൽ റീജിയന്റെ ഭാരവാഹികളാണ് ഈ പരിപാടി ഗംഭീര വിജയമാക്കിത്തീർത്തത്. ഫോമാ ജോയിന്റ് ട്രഷററും സെൻട്രൽ റീജിയൻ മുൻ വൈസ് പ്രസിഡന്റുമായ ജോൺസൺ കണ്ണൂക്കാടൻ പുതിയ ആർ.വി.പി രഞ്ജൻ എബ്രഹാം, നാഷണൽ കമ്മിറ്റി അംഗങ്ങളായ ജിതേഷ് ചുങ്കത്ത്, പ്രിൻസ് ഈപ്പൻ, വിമൻസ് ഫോറം റപ്പ് ആഗ്നസ് മാത്യു, യൂത്ത് റപ്പ് കാൾവിൻ കാവലയ്ക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ സംഘാടനം.
ഫോമയുടെ വിവിധ റീജിയനുകളിൽനിന്നുള്ള ഭാരവാഹികൾ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, അംഗസംഘടനാ പ്രതിനിധികൾ, കുടുംബാംഗങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ ആശയങ്ങളും ജനക്ഷേമ പദ്ധതികളും സാമൂഹിക പ്രതിബദ്ധതയും മുൻനിർത്തി അമേരിക്കൻ മലയാളി സമൂഹത്തെ കൂടുതൽ ശക്തമായി ഒന്നിപ്പിക്കാനും സംഘടനയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമുള്ള പ്രതിജ്ഞയോടെയാണ് പുതിയ ഭരണസമിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജോൺസൺ കണ്ണൂക്കാടൻ നന്ദി പ്രകാശിപ്പിച്ചു.
എ.എസ്. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
