മുംബയ് ഇന്ത്യൻസിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്

APRIL 4, 2026, 10:58 PM

ന്യൂഡൽഹി: വീണ്ടും പ്രതിസന്ധി ഘട്ടത്തിൽ രക്ഷകനായി അവതരിച്ച സമീർ റിസ്വിയെന്ന 22കാരന്റെ ബാറ്റിംഗ് മികവിൽ ഐ.പി.എല്ലിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസിനെ 6 വിക്കറ്റിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ്. തുടർച്ചയായ രണ്ടാം ജയത്തോടെ ഡൽഹി പോയിന്റ് ടേബിളിൽ പഞ്ചാബിനെ മറികടന്ന് ഒന്നാം സ്ഥാനത്തേയ്ക്ക് കയറി.

ഡൽഹിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബയ് ഇന്ത്യൻസ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. മറുപടിക്കിറങ്ങിയ ഡൽഹി 18.1ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (164/4). രണ്ടാം മത്സരത്തിലും ഇംപാക്ട് പ്ലെയറായി കളത്തിലെത്തിയ സമീർ റിസ്വി (51 പന്തിൽ 90) തുടർച്ചയായ രണ്ടാം അർദ്ധ സെഞ്ച്വറിയുമായി ഡൽഹിയുടെ ചേസിംഗ് അനായാസമാക്കുകയായിരുന്നു.

7 വീതം സിക്‌സും ഫോറും ഉൾപ്പെട്ടതാണ് റിസ്വിയുടെ ഇന്നിംഗ്സ്. ശ്രീലങ്കൻ ഓപ്പണർ പതും നിസ്സാങ്ക (30 പന്തിൽ 44), ഡേവിഡ് മില്ലർ (പുറത്താകാതെ 18 പന്തിൽ 21) എന്നിവരും തിളങ്ങി. കെ.എൽ രാഹുൽ (1) ദീപക് ചഹറിന്റെ പന്തിൽ റയാൻ റിക്കൽറ്റണ് ക്യാച്ച് നൽകിയും നിതീഷ് റാണ( 0) റണ്ണൗട്ടായും തുടക്കത്തിലേ മടങ്ങിയതോടെ 7/2 എന്ന നിലയിൽ പ്രതിസന്ധിയിലായ ഡൽഹിയെ നിസ്സാങ്കയും റിസ്വിയും ചേർന്ന് രക്ഷിച്ചു. 

vachakam
vachakam
vachakam

പവർപ്ലേയിൽ 42 റൺസാണ് ഡൽഹിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. ടീം സ്‌കോർ 73ൽ എത്തിയപ്പോൾ നിസ്സാങ്കയെ സാന്റ്നർ മടക്കി. എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച റിസ്വിയും മില്ലറുംം ഡൽഹിയുടെ ചേസിംഗ് ടോപ് ഗിയറിലാക്കി. 11-ാം ഓവറിൽ കോർബിൻ ബോഷിനെതിരെ 2 വീതം സിക്‌സും ഫോറും നേടി റിസ്വി നയം വ്യക്തമാക്കി. 11.3 ഓവറിൽ ഡൽഹി 100 കടന്നു. 13-ാം ഓവർ ബുംറ 1 റൺസ് മാത്രം വഴങ്ങി ടൈറ്റാക്കിയെങ്കിലും അടുത്ത ഓവർ മുതൽ വീണ്ടും അടി തുടങ്ങി.

ഇരുവരുടേയും കൂട്ടുകെട്ട് 50റൺസിൽ എത്തുമ്പോൾ അതിൽ മില്ലറുടെ സംഭാവന 1 റൺസ് മാത്രമായിരുന്നു. അഞ്ചാം വിക്കറ്റിൽ 39 പന്തിൽ 78 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഡൽഹിയുടെ വിജയം ഉറപ്പാക്കിയ ശേഷമായിരുന്നു റിസ്വിയുടെ മടക്കം. 17-ാം ഓവറിലെ രണ്ടാം പന്തിൽ ടീം സ്‌കോർ 151ൽ വച്ച് ബോഷിന്റെ പന്തിൽ തിലക് പിടച്ചാണ് റിസ്വി മടങ്ങിയത്. ട്രിസ്റ്റൻ സ്റ്റബ്‌സ് 3 റൺസുമായി മില്ലർക്കൊപ്പം പുറത്താകാതെ നിന്നു.

അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ സൂര്യകുമാർ യാദവാണ് (36 പന്തിൽ 51) മുംബയ്‌യുടെ ടോപ് സ്‌കോറർ. രോഹിത് ശർമ്മ (26 പന്തിൽ 35), നമൻ ധിർ (21 പന്തിൽ 28),മിച്ചൽ സാന്റ്‌നർ (പുറത്താകാതെ 18), കോർബിൻ ബോഷ് (പുറത്താകാതെ (4 പന്തിൽ 11) എന്നിവരും തിളങ്ങി. തുടക്കത്തിൽ മൂന്നാം ഓവറിൽ റിക്കൽറ്റണേയും (9), തിലക് വർമ്മയേയും (0) പുറത്താക്കി മുകേഷ് മുംബയ്‌യെ പ്രതിരോധത്തിലാക്കിയിരുന്നു.

vachakam
vachakam
vachakam

സുഖമില്ലാതിരുന്ന സ്ഥിരം ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്നലെ മുംബയ് ഇറങ്ങിയത്. ഹാർദികിന് പകരം ദീപക് ചഹർ കളിച്ചു. ബോൾട്ടിന് പകരം ബോഷും ഗസൻഫറിന് പകരം സാന്റ്‌നറും മുംബയ് ഇലവനിൽ ഇടം നേടി.
2 വർഷം മുൻപ് 20 വയസ് മാത്രമുള്ളപ്പോൾ 8.40 കോടി രൂപയ്ക്ക് ചെന്നൈ തട്ടകത്തിൽ എത്തിച്ചതോടെയാണ് സമീർ റിസ്‌വി എന്ന പേര് ഇന്ത്യൻ ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത്.

എന്നാൽ ചെന്നൈ ജേഴ്‌സിയിൽ താരത്തിന് തിളങ്ങാനായില്ല. 95 ലക്ഷം രൂപയ്ക്ക് കഴിഞ്ഞ സീസണിൽ ഡൽഹി റിസ്‌വിയെ സ്വന്തമാക്കി. ഈ സീസണിൽ താരത്തെ നിലനിറുത്തുരകയും ചെയ്തു.

2 ഇംപാക്ട് പ്ലെയറായി ഇറങ്ങി തുടർച്ചയായി ഡൽഹിയുടെ രണ്ട് മത്സരങ്ങളിലും അർദ്ധ സെഞ്ച്വറിയുമായി വിജയശില്പിയവുകയും പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കുകയും ചെയ്തു ഈ ഉത്തർപ്രദേശുകാരൻ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam