തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിക്രം. വിക്രത്തിന്റേതായി സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തങ്കലാൻ. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് ഒരുക്കുന്ന സിനിമയിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഓഗസ്റ്റ് പതിനഞ്ചിനാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. തന്റെ കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി ഏതറ്റം വരേയും പോകുന്ന നടനാണ് വിക്രം. രൂപ മാറ്റങ്ങളിലൂടെ പലപ്പോഴായി അമ്പരപ്പിച്ചിട്ടുണ്ട് വിക്രം. അടുത്തിടെയാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ഈ ചടങ്ങിനിടെ തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ഒരപകടത്തേക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. എങ്ങനെയാണ് തനിക്ക് ആ കാലഘട്ടം അനുഭവപ്പെട്ടതെന്നും ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുവന്നുവെന്നുമായിരുന്നു വിക്രം പറഞ്ഞത്.
23 സർജറികൾ നടത്തി
കോളേജ് പഠന കാലമായിരുന്നു അതെന്ന് വിക്രം ഓർത്തെടുത്തു. വളരെ ചെറുപ്പമാണ്. സിനിമയേക്കുറിച്ച് സ്വപ്നം കണ്ടുതുടങ്ങുന്ന സമയം. കോളേജിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനേക്കുറിച്ച് ത്രില്ലടിച്ച് നിൽക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കാലിന്റെ മുട്ടുമുതൽ കണങ്കാൽ വരെ തകർന്നു. ഗുരുതരമായി പരിക്കേറ്റ കാൽ മുറിച്ചു മാറ്റാനാണ് ഡോക്ടർമാർ നിർദേശിച്ചത്. പിന്നീട് 23 ശസ്ത്രക്രിയകളാണ് കാലിന് നടത്തിയതെന്നും വിക്രം പറഞ്ഞു.
''നടക്കാൻ തുടങ്ങിയതോടെ എനിക്ക് അഭിനയിക്കാനുള്ള അവസരങ്ങളും കിട്ടി തുടങ്ങി. എല്ലാം ശരിയാകുമെന്ന് ഞാൻ കരുതി. പക്ഷെ പത്ത് വർഷം നിരന്തര പരാജയങ്ങളായിരുന്നു. എന്നെക്കൊണ്ട് സാധിക്കില്ലെന്ന് വീണ്ടും എല്ലാവരും പറഞ്ഞു. പക്ഷെ സ്വപ്‌നം തുടർന്നു. കഷ്ടപ്പാട് തുടർന്നു. ഇപ്പോൾ ഞാൻ ഈ വേദിയിൽ നിൽക്കുകയാണ്. ഇതേ പാഷൻ തന്നെയാണ് തങ്കലാനേയും നയിക്കുന്നത്'' വികാരഭരിതനായി വിക്രം പറയുന്നു.
കൃത്യമായ ഇടവേളകളിൽ കാലിൽ അണുബാധയുണ്ടാകുമായിരുന്നു. അതൊന്നും തന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നതിൽ തടസമായില്ല. സിനിമയിൽ നടനാവാനായിരുന്നു ആഗ്രഹം. അതെത്ര ചെറിയ റോളാണെങ്കിലും ചെയ്യും. ആരോഗ്യം നന്നാക്കാനായി കഠിനാധ്വാനം ചെയ്തു. തേടിവരുന്ന അവസരങ്ങൾ നന്നായി ഉപയോഗിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇത്രയും നാൾ തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ആരാധകരോട് നന്ദി പറയുകയും ചെയ്തു വിക്രം.
തങ്കലാനിലേത് ഏറ്റവും പ്രയാസമുള്ള കഥാപാത്രം
തങ്കലാനിലെ വിക്രമിനെ തിരിച്ചറിയാൻ പോലും സാധിക്കാത്ത വിധത്തിലാണ് താരം രൂപമാറ്റം കൈവരിച്ചിരിക്കുന്നത്. താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും പ്രയാസമുള്ള കഥാപാത്രമാണ് തങ്കലാനിലേത് എന്നാണ് വിക്രം പറയുന്നത്.
'' സേതു, പിതാമഗൻ, അന്യൻ, ഐ, രാവണൻ തുടങ്ങിയ സിനിമകൾ ചെയ്തിട്ടുണ്ട്. എല്ലാം നന്നായി കഷ്ടപ്പെട്ട് ചെയ്തതാണ്. എന്റെ ഭാഗത്തു നിന്നും നല്ല ഇൻവോൾവ്‌മെന്റും ആവശ്യമായിരുന്നു. പക്ഷെ സത്യത്തിൽ തങ്കലാന് വേണ്ടി ചെയ്തതിന്റെ പത്ത് ശതമാനം മാത്രമേ അതൊക്കെ വരികയുള്ളൂ.'' എന്നാണ് വിക്രം പറഞ്ഞത്.
വലിയൊരു താരനിര തന്നെ തങ്കലാനിൽ അണിനിരക്കുന്നുണ്ട്. പാർവ്വതി, മാളവിക മോഹനൻ, പശുപതി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജിവി പ്രകാശ് ആണ് സിനിമയുടെ സംഗീത സംവിധാനം. പാ രഞ്ജിത്തിന്റേയും വിക്രമിന്റേയും കരിയറുകളിലെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് തങ്കലാൻ.
കോലാർ സ്വർണഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. സ്വർണഖനനത്തിനായി ബ്രിട്ടീഷുകാർ ഒരു ഗ്രാമത്തിലേക്ക് വരുന്നതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് തങ്കലാന്റെ പ്രമേയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്