എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്റെ പരാമർശത്തിന് മറുപടിയുമായി നടനും മഞ്ഞുമ്മല്‍ ബോയിസിന്‍റെ കാസ്റ്റിംഗ് ഡയറക്ടറുമായ ഗണപതി രംഗത്ത്. മഞ്ഞുമ്മല്‍ ബോയ്സ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ലെന്നും താനും സഹോദരൻ ചിദംബരവും മദ്യപിക്കുന്നവരാണെന്നും എന്നാല്‍ എത്ര കുടിച്ചാലും മുന്നിലുള്ളത് എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളവരാണെന്നുമാണ് ഗണപതി പ്രതികരിച്ചത്.
അതേസമയം കേരളത്തിന്‍റെ സംസ്കാരം ജയമോഹന് എത്രത്തോളം അറിയുമെന്ന് തനിക്കറിയില്ലെന്നും യഥാർഥത്തില്‍ നടന്നതു മാത്രമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നതെന്നും ഗണപതി പറഞ്ഞു. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗണപതി ഇക്കാര്യം പറഞ്ഞത്.
'മഞ്ഞുമ്മല്‍ ബോയ്സ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രമല്ല. ജയമോഹൻ ഒരു വലിയ എഴുത്തുകാരനാണ്. കേരളത്തിന്‍റെ സംസ്കാരം അദ്ദേഹത്തിന് എത്രത്തോളം അറിയുമെന്ന് എനിക്ക് അറിയില്ല. മലയാളി ചെറുപ്പക്കാര്‍ അങ്ങനെയാണെന്നാണ് അദ്ദേഹം പറയുന്നത്. എല്ലാ നാടുകളിലും മദ്യപിക്കുന്നവരുണ്ടെന്ന് എനിക്കറിയാം. നമുക്കെല്ലാവര്‍ക്കും അറിയാം. ഞാനും കുടിക്കുന്ന ഒരാളാണ്. ചിദംബരവും അതെ. ജയമോഹൻ മദ്യം കഴിക്കുന്ന ആളാണോ അല്ലയോ എന്നറിയില്ല. എത്ര കുടിച്ചാലും ജീവിതത്തില്‍ ഒരു സാഹചര്യം വന്നാല്‍ ആരാണ്, എന്താണ് മുന്നിലുള്ളതെന്ന് ബോധ്യമുണ്ടാവണം എന്നതാണ് പ്രധാനം. ചിത്രം റിയല്‍ ലൈഫ് സ്റ്റോറിയാണ്. അവര്‍ കുടിക്കുന്നത് ഞങ്ങള്‍ പ്രൊമോട്ട് ചെയ്തിട്ടില്ല. വേണമെങ്കില്‍ അത് ഞങ്ങള്‍ക്ക് കാണിക്കാതെ ഇരിക്കാമായിരുന്നു. പക്ഷേ അവിടെ ശരിക്കും നടന്നത് എന്താണോ അതിനോട് നീതി പുലര്‍ത്തണമായിരുന്നു. ആ സുഹൃത്തുക്കള്‍ക്കിടയില്‍ നടന്നത് കാണിക്കുകയാണ് ചെയ്തത്. ജയമോഹന്‍റെ വാക്കുകള്‍ സിനിമയ്ക്ക് പ്രൊമോഷന്‍ ആവുമെന്നാണ് ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ വരട്ടെ. കേരളത്തിലേതിനേക്കാള്‍ സിനിമ വലിയ രീതിയില്‍ ഓടിയത് തമിഴ്നാട്ടിലാണ്. തമിഴ് മക്കള്‍ ഈ സിനിമയെ അത്രയും സ്നേഹിക്കുന്നുണ്ട്'. എന്നാണ് ഗണപതി പറഞ്ഞത്.
മഞ്ഞുമ്മല്‍ ബോയ്സ്- കുടികാര പൊറുക്കികളിന്‍ കൂത്താട്ടം (മഞ്ഞുമ്മല്‍ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെണ്ടികള്‍) എന്ന തലക്കെട്ടില്‍ പങ്കുവച്ച ബ്ലോഗിലാണ് ജയമോഹൻ ചിത്രത്തെയും മലയാളികളെയും അധിക്ഷേപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്