ഡികെ എന്ന അരിക്കൊമ്പനെ തൽക്കാലം തളച്ചു

MAY 16, 2023, 9:19 PM

1980 കളുടെ തുടക്കത്തിൽ വിദ്യാർത്ഥി നേതാവായി രാഷ്ട്രീയ ജീവിതംതുടങ്ങിയ ദൊഡ്ഡലഹള്ളി കെംപഗൗഡ ശിവകുമാരനെന്ന  വൊക്കലിഗ സമുദായക്കാരനെ എല്ലാവർക്കും അത്രപെട്ടെന്ന് പിടികിട്ടണമെന്നില്ല. എന്നാൽ ഡികെ ശിവകുമാർ എന്നുപറഞ്ഞാൽ അറിയാത്തവരുമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ബാംഗ്ലൂരിലുള്ള ശ്രീ ജഗദ് ഗുരു രങ്കാചാര്യ കോളേജിൽ നിന്ന് ബിരുദവും കർണാടക ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ബിരുദവും നേടിയെടുത്തു കക്ഷി.  ക്രമേണ സാമ്പത്തികത്തിലും കോൺഗ്രസിലും  പനപോലെയങ്ങ് വളർന്നു.  

സത്തന്നൂരിൽ നിന്നും കന്നയങ്കത്തിൽ  ദേവഗൗഡക്കെതിരെ പൊരുതിതോറ്റെങ്കിലും 1994ൽ വിജയിക്കുകതന്നെ ചെയ്തു. എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ  27 വയസ്സ് മാത്രമാത്രമായിരുന്നു ടിയാന്റെ  പ്രായം. ആ മണ്ഡലത്തിൽ നിന്നും പിന്നേയും രണ്ടുവട്ടം കൂടി ജയിച്ചുകയറി.   2008, 2013, 2018, 2023 വർഷങ്ങളിൽ കനകപുര നിയോജകമണ്ഡലത്തിലാണ് പയറ്റിനിറങ്ങിയത്. പുഷ്പം പോലെ അവിടെനിന്നും വിജയിച്ചുകയറുകയും ചെയ്തു. 

വിലാസ്രാവു ദേശ്മുഖ് മുഖ്യമന്ത്രിയായിരിക്കെ, 2002ൽ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിച്ചപ്പോൾ ഡി.കെ. ശിവകുമാർ അവിടെ രക്ഷകനായെത്തി. മഹാരാഷ്ട്ര എം.എൽ.എമാരെ ബാംഗ്ലൂരിലെ തന്റെ റിസോർട്ടിൽ പാർപ്പിച്ച് ദേശ്മുഖിന്റെ സർക്കാരിന്  ജീവശ്വാസം കൊടുത്തു നിലനിർത്തി. അതിനു കക്ഷി കൊടുക്കേണ്ടി വന്ന വില ഏറെ വലുതായിരുന്നു. എന്നിട്ടും 2017ൽ ഗുജറാത്തിലെ എംഎൽഎമാർക്കും അഭയം കൊടുക്കാൻ തെല്ലും മടികാട്ടാത്ത ഒറ്റയാൻ. 2018 ൽ  കർണാടകയിൽ കോൺഗ്രസിന്റെയും ജനതാദളയുടെയും സഖ്യ സർക്കാർ ഉണ്ടാക്കാൻ ഉടവാളുമായി ഉറഞ്ഞു തുള്ളിയവൻ.  

vachakam
vachakam
vachakam

ഏതു പ്രതിസന്ധിയിലും രാഹുലിന്റേയും സോണിയായുടേയും പ്രിയങ്കയുടേയും  കാവലാൾ..!  ഇതിലെല്ലാമുപുരി ഇന്ത്യയിലെ ഏറ്റവും പണക്കാരനായ രാഷ്ട്രീയക്കാരിൽ ഓളരുവനനെന്ന പേരും...! 2018ലെ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ രേഖകളിലെ മൊത്തം ആസ്തി 840 കോടി രൂപയിരുന്നു. 

ദിനേശ് ഗുണ്ടു റാവുവിന്റെ പിൻഗാമിയായി 2020 ജൂലൈ രണ്ടിന് ് ശിവകുമാർ കർണാടക പിസിസി പ്രസിഡന്റെ കുപ്പായം അണിഞ്ഞു. അന്ന് സോണിയായ്ക്കും രാഹുലിനും കൊടുത്ത വാക്കായിരുന്നു എന്തുവിലകൊടുത്തും 2023ലെ തെരഞ്ഞെടുപ്പിൽ കർണാടക പിടിച്ചിരിക്കുമെന്നത്. ആ വാക്കുപാലിച്ചതിന്റെ ശക്തിയിലാണ്  ഡികെ എന്ന ഒറ്റയാൻ അരിക്കൊമ്പന്റെ കൊമ്പുകുലുക്കൽ.

അതുകൊണ്ടുതന്നെ ഡൽഹിയിലെ  10 രാജാജി മാർഗിലും പത്താം ജൻപഥിലും കന്നഡയിൽ കൂട്ടിയും കുറച്ചും ഇണങ്ങിയും പിടിവാശി പിടിച്ചും ഇടംതിരിഞ്ഞു നിന്ന ശേഷം സ്വയമങ്ങ് ഒതുങ്ങുകയായിരുന്നു ഡികെ. കൃത്യമായി 730 ദിവസത്തെ, അതായത് രണ്ടുവർഷത്തെ ഭരണച്ചുമതല മാത്രം സിദ്ധാരാമയ്യക്കു തന്നെ കൊടുത്തുകൊണ്ട്  കൊട്ടിക്കാലാശം അവസാനിപ്പിച്ചു.  ശിവകുമാർ എന്ന അരിക്കൊമ്പൻ തൽക്കാലം ശാന്തനായി. ശേഷം കളികൾ  കർണാടകയുടെ മണ്ണിൽ കാണാനായി കണ്ണും നട്ടിരിക്കാം നമുക്ക്..!

vachakam
vachakam
vachakam

ജോഷി ജോർജ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam