ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നുള്ള അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ സെലക്ഷൻ കമ്മിറ്റിയുടെ മോശം പെരുമാറ്റമാണെന്ന് തുറന്നടിച്ച് മുൻ ഇന്ത്യൻ താരം വസീം ജാഫർ. അന്നത്തെ ബി.സി.സി.ഐ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായ നീതികേടാണ് കോഹ്‌ലിയെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വസീം ജാഫറിന്റെ വെളിപ്പെടുത്തൽ.
"വിരാടിന് ഇനിയും ഒട്ടേറെ ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ സെലക്ടർമാർ അദ്ദേഹത്തോട് പെരുമാറിയ രീതിയിൽ കോഹ്‌ലിക്ക് അമർഷമുണ്ടായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിനായി അദ്ദേഹം എല്ലാ തയ്യാറെടുപ്പുകളും നടത്തിവരികയായിരുന്നു. എന്നാൽ സെലക്ടർമാരുടെ ഭാഗത്തുനിന്നുള്ള നീതികേടാണ് അദ്ദേഹത്തെ വിരമിക്കലിലേക്ക് നയിച്ചത്," വസീം ജാഫർ വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും കഴിഞ്ഞ വർഷം ഒരാഴ്ചയുടെ വ്യത്യാസത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിന് ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്കായി ടീം തയ്യാറെടുക്കുന്നതിനിടെയുണ്ടായ ഈ തീരുമാനം ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
125 ടെസ്റ്റ് മത്സരങ്ങൾ എന്ന നാഴികക്കല്ലിലെത്താൻ വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോലി വിരമിച്ചത്. സുനിൽ ഗാവസ്കറിന് ശേഷം 10,000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാകാൻ അദ്ദേഹത്തിന് വേണ്ടിയിരുന്നത് വെറും 770 റൺസ് മാത്രമായിരുന്നു. അവസാനമായി ഓസ്ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 23.75 ശരാശരിയിൽ 190 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാനായിരുന്നത്. ഈ മോശം ഫോമും സെലക്ടർമാരുടെ അവഗണനയുമാണ് പെട്ടെന്നുള്ള വിരമിക്കലിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
