ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരിന് അണ്ടർ 19 ഏഷ്യാ കപ്പ് വേദിയാകുന്നു. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ചിരവൈരികളായ ഇരുരാജ്യങ്ങളും നേർക്കുനേർ വരും. സെമി ഫൈനലുകളിൽ ശ്രീലങ്കയെ ഇന്ത്യയും ബംഗ്ലാദേശിനെ പാകിസ്ഥാനും എട്ട് വിക്കറ്റുകൾക്ക് തകർത്താണ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു എന്നത് ഫൈനലിൽ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലിൽ മലയാളി താരം ആരോൺ ജോർജ് ഒരിക്കൽക്കൂടി തിളങ്ങിയ മത്സരത്തിൽ എട്ടുവിക്കറ്റിന്റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
മഴയെ തുടർന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതം 18 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 49 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 58 റൺസ് നേടിയ ആരോൺ ജോർജ് പുറത്താകാതെ നിന്നു. ടൂർണമെന്റിൽ ആരോണിന് ഇത് രണ്ടാം അർധസെഞ്ച്വറിയാണ്. ഒരു സെഞ്ച്വറിയും ആരോൺ നേടിയിട്ടുണ്ട്. 45 പന്തിൽ രണ്ട് സിക്‌സും നാല് ബൗണ്ടറിയും അടക്കം 61 റൺസ് നേടി പുറത്താകാതെനിന്ന വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.
ഓപ്പണർമാരായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും നാല് വീതം റൺസ് നേടി പുറത്തായിരുന്നു. നേരത്തെ, ദുബായിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിങ്ങിനയച്ചു. 38 പന്തിൽ 42 റൺസ് നേടിയ ചാമിക ഹീനട്ടിഗാലയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ക്യാപ്ടൻ വിമത് ദിൻസറ (32), സെത്മിക സെനെവിരാട്‌നെ (30), വിരാൻ ചമുദിത (19) എന്നിവർ മാത്രമാണ് പിന്നീട് ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി ഹെനിൽ പട്ടേൽ, കനിഷ്‌ക് ചൗഹാൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
