ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർലീഗിൽ സിറ്റിയുടെ കഷ്ടകാലം തീരുന്നില്ല. ലിവർപൂൾ എതിരില്ലാത്ത രണ്ട് ഗോളിനാണ് നിലവിലെ ചാമ്പ്യൻമാരെ കീഴടക്കിയത്. സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ കോഡി ഗാക്‌പോ(12)യും മുഹമ്മദ് സലാഹും(78) ലിവർപൂളിനായി ഗോൾ നേടി. വിജയത്തോടെ ലിവർപൂൾ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. മാഞ്ചസ്റ്റർ സിറ്റി അഞ്ചാംസ്ഥാനത്തേക്ക് വീണു.
കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് പാഠമുൾകൊള്ളാതെയാണ് സിറ്റി ലിവർപൂളിനെതിരെയും കളത്തിലിറങ്ങിയത്. ഫൈനൽതേർഡിലെ പ്രശ്‌നങ്ങൾ നീലപടയെ ബാധിച്ചു. റയൽമാഡ്രിഡിനെതിരെ വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി സിറ്റിയെ നേരിടാനിറങ്ങിയ ലിവർപൂൾ തുടക്കംമുതൽ ആക്രമിച്ചുകളിച്ചു.
12-ാം മിനിറ്റിൽ സിറ്റി ഹൃദയം ഭേദിച്ച് ആദ്യഗോൾ പറന്നിറങ്ങി. പ്രതിരോധതാരം അലക്‌സാണ്ടർ അർണോൾഡ് നൽകിയ ലോങ്‌ബോൾ സ്വീകരിച്ച് ബോക്‌സിലേക്ക് കുതിച്ച മുഹമ്മദ് സലാഹ് സിറ്റി പ്രതിരോധ താരങ്ങൾക്കും ഗോൾകീപ്പർക്കും ഇടയിലൂടെ കോഡി ഗാക്‌പോയെ ലക്ഷ്യമാക്കി തളികയിലെന്നപോലെ പന്തുനൽകി. പോസ്റ്റിലേക്ക് തട്ടിയിടേണ്ട ചുമതല മാത്രമായിരുന്നു
യുവതാരത്തിനുണ്ടായിരുന്നത്. ആദ്യ പകുതിയിൽ ലിവർപൂളിനെതിരെ മികച്ച നീക്കങ്ങൾ നടത്താൻ സിറ്റിക്കായില്ല.
രണ്ടാം പകുതിയിലും കളിയുടെ നിയന്ത്രണമേറ്റെടുത്ത ആതിഥേയർ സിറ്റി ബോക്‌സിലേക്ക് നിരന്തരം ഇരമ്പിയെത്തി. ഒടുവിൽ 78-ാം മിനിറ്റിൽ ഗ്യാലറി കാത്തിരുന്ന രണ്ടാം ഗോളുമെത്തി. ലൂയിസ് ഡയസിനെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ സ്‌റ്റെഫാൻ ഒർട്ടേഗ ബോക്‌സിൽ വീഴ്ത്തിയതിന് പെനാൽറ്റി കിക്കെടുത്ത ഈജിപ്ഷ്യൻ താരത്തിന് പിഴച്ചില്ല. കൃത്യമായി പന്ത് വലയിലാക്കി സലാഹ് സീസണിലെ തന്റെ 11-ാം ഗോൾ നേടി. ജയത്തോടെ രണ്ടാമതുള്ള ആർസനലുമായി ഒൻപത് പോയന്റ് വ്യത്യാസം നേടിയെടുക്കാനും ലിവർപൂളിനായി.
ലാലീഗയിൽ ജയം തുടർന്ന് റയൽ മാഡ്രിഡ് ഗറ്റാഫെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. ജൂഡ് ബെല്ലിങ്ഹാം(30), കിലിയൻ എംബാപെ(38) എന്നിവരാണ് ഗോൾ സ്‌കോറർമാർ. ജയത്തോടെ തലപ്പത്തുള്ള ബാഴ്‌സലോണയുമായുള്ള പോയന്റ് വ്യത്യാസം ഒന്നാക്കി കുറക്കാനും റയലിനായി. 15 മത്സരങ്ങളിൽ നിന്നായി ബാഴ്‌സക്ക് 34 പോയന്റും ഒരു മത്സരം കുറവ് കളിച്ച റയലിന് 33 പോയന്റുമാണ്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മാച്ചിൽ നിറംമങ്ങിയ ഫ്രഞ്ച് താരം കിലിയൻ എംബാപെയുടെ തിരിച്ചുവരവ് കൂടിയായി ഈ മത്സരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്