രാജ്‌കോട്ട്: അയർലൻഡിനെതിരായ വനിതാ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറ് വിക്കറ്റിന്റെ അനായാസം ജയം നേടി ഇന്ത്യൻ പെൺപട. ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് നേടി. മറുപടിക്കറിങ്ങിയ ഇന്ത്യ 34.3 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. ഇതോടെ 3 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.
96 പന്ത് നേരിട്ട് 89 റൺസ് നേടിയ പ്രതിക റാവലിന്റെയും 46 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്ന തേജൽ ഹസബ്‌നിസിന്റെയും 29 പന്തിൽ 41 റൺസ് നേടിയ ക്യാപ്ടൻ സ്മൃതി മന്ഥാനയുടേയും ബാറ്റിംഗാണ് ഇന്ത്യയുടെ ചേസിംഗ് അനായാസമാക്കിയത്. സ്മൃതിയും പ്രതികയും ഒന്നാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്മൃതിയെ പ്രൻഡർ ഗസ്റ്റിന്റെ കൈയിൽ എത്തിച്ച് ഫ്രേയ സർജന്റാണ് കൂട്ട് കെട്ട് പൊളിച്ചത്. 6 ഫോറും 1 സിക്‌സും സ്മൃതി നേടി.
ഏകദിനത്തിൽ വേഗത്തിൽ 4000 റൺസ് തികയ്ക്കുന്ന വനിതാ താരമെന്ന റെക്കോർഡ് സ്മൃതി ഈ ഇന്നിംഗ്‌സിലൂടെ സ്വന്തമാക്കി. 4000 റൺസ് ഏകദിനത്തിൽ തികയ്ക്കുന്ന 15-ാമത്തെ താരമാണ്. മുൻ ഇന്ത്യൻ ക്യാപ്ടൻ മിതാലി രാജാണ് ഈ ചരിത്ര നേട്ടം കുറിച്ച ആദ്യ ഇന്ത്യൻ താരം.
ഹർലീൻ ഡിയോൾ (20), ജെമീമ റോഡ്രിഗസ് (9) എന്നിവർ മടങ്ങിയതിന് ശേഷം പ്രതികയും തേജലും 4-ാം വിക്കറ്റിൽ 84 പന്തിൽ 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയുടെ ജയമുറപ്പിച്ചു. പ്രതിക 10 ഫോറും 1 സിക്‌സും തേജൽ 9 ഫോറും നേടി.
നേരത്തേ ഗാബി ലെവിസ് (92), ലിയ പോൾ (59) എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് അയർലൻഡിനെ 238ൽ എത്തിച്ചത്. ഇന്ത്യയ്ക്കായി പ്രിയ മിശ്ര 2 വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരി അയാലി സത്ഗരെ 1 വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്