റാഞ്ചി: ക്രിക്കറ്റിൽ നിന്ന് സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ച് പേസർ വരുൺ ആരോൺ. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെയാണ് 35കാരനായ വരുൺ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ടെസ്റ്റിൽ നിന്ന് കഴിഞ്ഞ സീസണിന്റെ അവസാനത്തോടെ വരുൺ വിരമിച്ചിരുന്നു.
വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ വരുണിന്റെ ടീമായ ജാർഖണ്ഡ് കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് വരുണിന്റെ വിരമിക്കൽ പ്രഖ്യാപനം. വിജയ് ഹസാരെ ട്രോഫിയിൽ 4 മത്സരങ്ങളിൽ നിന്ന് വരുൺ 3 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഇനിയൊരുതിരിച്ച് വരവ് ഇല്ലെന്ന തിരിച്ചറിവും വരുണിന്റെ വിരമിക്കൽ തീരുമാനത്തിന് പിന്നിലുണ്ട്. ഇന്ത്യയ്ക്ക് വേണ്ടി 9 വീതം ടെസ്റ്റിലും ഏകദിനത്തിലും വരുൺ കളിച്ചിട്ടുണ്ട്.
2010-11 സീസണിൽ 21-ാംവയസിൽ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് വരുൺ വരവറിയിക്കുന്നത്. സ്ഥിരമായി 150 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞാണ് വരുൺ വാർത്തകളിൽ നിറഞ്ഞത്. 153 കിലോമീറ്റർ വേഗത്തിൽവരെ വരുണിന്റെ പന്തുകൾ കുതിച്ചെത്തി. 2011 ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിലും നവംബറിൽ വെസ്റ്റിൻഡിസിനെതിരെ ടെസ്റ്റിലും വരുൺ ഇന്ത്യൻ ജേഴ്‌സിയിൽ അരങ്ങേറി. കരിയറിലാകെ ഭീഷണിയായി പരിക്കുകളും വരുണിന്റെ സന്തത സഹചാരിയായുണ്ടായിരുന്നു.
2015 നവംബറിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിലാണ് അവസാനമായി വരുൺ ഇന്ത്യൻ ജേഴ്‌സി അണിഞ്ഞത്. 2011മുതൽ 2022വരെയുള്ള കാലഘട്ടത്തിൽ ഐ.പി.എല്ലിലും വരുൺ കളിച്ചു. ഡൽഹി ഡെയർഡെവിൾസ്, കിംഗ്‌സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ആർ.സി.ബി. ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകൾക്കായി കളത്തിലിറങ്ങി. ഗുജറാത്ത് ടൈറ്റൻസിനൊപ്പം ഐ.പി.എൽ കിരീട നേട്ടത്തിലും പങ്കാളിയായി. എം.ആർ.എഫ് പേസ് ഫൗണ്ടേഷന്റെ കണ്ടെത്തലായ വരുൺ നിലവിൽ ഫൗണ്ടേഷനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കമന്റേറ്റർ റോളിലും അദ്ദേഹമുണ്ട്.
9 ഏകദിനങ്ങളിൽ നിന്നും 18 വിക്കറ്റും 9 ടെസ്റ്റിൽ നിന്ന് 11 വിക്കറ്റും ടി20യിൽ 95 വിക്കറ്റും നേടിയിട്ടുണ്ട്.
കഴിഞ്ഞ 20 വർഷമായി ക്രിക്കറ്റായിരുന്നു എന്റെ ശ്വാസവും ജീവനും ആവേശവും. എന്നാൽ ഇന്ന് അഭിമാനത്തോടെ ഞാൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നുവെന്ന് വരുൺ ആരോൺ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്