ദുബായ്: 2025 ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് 40 ദിവസം മാത്രം ശേഷിക്കെ പാകിസ്ഥാനില്‍ സ്റ്റേഡിയങ്ങളുടെ നില പരിതാപകരമായി തുടരുന്നെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 19 ന് കറാച്ചിയിലാണ് ടൂര്‍ണമെന്റ് ആരംഭിക്കേണ്ടത്. എന്നാല്‍ മല്‍സരങ്ങള്‍ നടക്കേണ്ട ലാഹോര്‍, കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ അവസ്ഥ നിരാശാജനകമാണെന്ന് ഒരു റിപ്പോര്‍ട്ട് പറയുന്നു. ഒരു സ്റ്റേഡിയത്തില്‍ പ്ലാസ്റ്റര്‍ പണി പോലും പൂര്‍ത്തിയായിട്ടില്ല.
സീറ്റുകള്‍, ഫ്ളഡ്ലൈറ്റുകള്‍, ഔട്ട്ഫീല്‍ഡ്, കളിക്കാനുള്ള പിച്ചുകള്‍ എന്നിവയ്ക്കൊപ്പം വളരെയധികം ജോലികള്‍ അവശേഷിക്കുന്നെന്ന് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇത്തരത്തിലാണ് മുന്നോട്ടു പോവുന്നതെങ്കില്‍ ചാംപ്യന്‍ഷിപ്പ് പാകിസ്ഥാനില്‍ നിന്നും പൂര്‍ണമായും യുഎഇയിലേക്ക് മാറ്റിയാലും അത്ഭുതപ്പെടേണ്ടതില്ല. ഹൈബ്രിഡ് രൂപത്തില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മല്‍സരങ്ങളെല്ലാം ദുബായിലാണ് നടക്കുക.
'നിര്‍മ്മാണവും ഫിനിഷിംഗ് ജോലികളും വേഗത്തില്‍ നടത്താന്‍ കാലാവസ്ഥ അനുയോജ്യമല്ല. ഗദ്ദാഫി സ്റ്റേഡിയത്തില്‍ പ്ലാസ്റ്റര്‍ വര്‍ക്കുകള്‍ പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല,' വൃത്തങ്ങള്‍ പറഞ്ഞു.
സാധാരണഗതിയില്‍, അന്താരാഷ്ട്ര ഇവന്റിന്റെ ആതിഥേയരായ രാജ്യങ്ങള്‍ വേദികള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന് (ഐസിസി) വളരെ മുന്‍കൂട്ടി കൈമാറാണ് പതിവ്. തുടര്‍ന്ന് ഐസിസി ഗുണനിലവാര പരിശോധന നടത്തുകയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ പാകിസ്ഥാനിലെ സ്റ്റേഡിയങ്ങള്‍ എപ്പോള്‍ ഐസിസിക്ക് കൈമാറാനാവും എന്ന് ഉറപ്പില്ല.
അതേസമയം വേദികളില്‍ അതിവേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ടൂര്‍ണമെന്റ് ഇവിടെത്തന്നെ നടത്തുമെന്നും പിസിബി അവകാശപ്പെട്ടു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെയും കറാച്ചിയിലെ നാഷണല്‍ ബാങ്ക് സ്റ്റേഡിയത്തിലെയും പണികള്‍ ഏകദേശം പൂര്‍ത്തിയായെന്നും പിസിബി അവകാശപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്