അയർലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ക്യാപ്ടൻ ഹർമൻപ്രീത് കൗറിനും പേസർ രേണുക താക്കൂറിനും വിശ്രമം അനുവദിച്ചപ്പോൾ സ്മൃതി മന്ദാനയാണ് പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത്. മലയാളി താരം മിന്നു മണിയും 15 അംഗ ടീമിലുണ്ട്.
ഓപ്പണർ ഷഫാലി വർമയെ ഒരിക്കൽ കൂടി തഴഞ്ഞപ്പോൾ പരിക്കേറ്റ പൂജ വസ്ട്രക്കറെയും ടീമിലേക്ക് പരിഗണിച്ചില്ല. ഹർമൻപ്രീതിന്റെ അഭാവത്തിൽ സ്മൃതി മന്ദാനയെ ക്യാപ്ടനാക്കിയപ്പോൾ ദീപ്തി ശർമയാണ് വൈസ് ക്യാപ്ടൻ. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരക്കിടെ കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഹർമൻപ്രീതിന് അവസാന രണ്ട് ടി20 മത്സരങ്ങളിൽ കളിക്കാനായിരുന്നില്ല.
ഓസ്‌ട്രേലിയക്കെതിരായ പരമ്പരക്ക് ശേഷം തഴഞ്ഞ അരുന്ധതി റെഡ്ഡിയെയും അയർലൻഡിനെതിരായ പരമ്പരക്കുള്ള ടീമിലേക്ക് സെലക്ടർമാർ പരിഗണിച്ചില്ല. വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറിയ രാഘ്‌വി ബിസ്റ്റിനെയും സയാലി സത്ഘരെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. ഈ മാസം 10നാണ് ഇന്ത്യ-അയർലൻഡ് ഏകദിന പരമ്പര തുടങ്ങുന്നത്. പരമ്പരയിലെ മൂന്ന് മത്സരങ്ങൾക്കും രാജ്‌കോട്ട് ആണ് വേദിയാവുക. 12നും 15നുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ.
അയർലൻഡിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം: സ്മൃതി മന്ദാന (ക്യാപ്ടൻ), ദീപ്തി ശർമ (വൈസ് ക്യാപ്ടൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജെമീമ റോഡ്രിഗസ്, ഉമാ ചേത്രി, റിച്ച ഘോഷ്, തേജൽ ഹസാബ്‌നിസ്, രാഘ്‌വി ബിസ്റ്റ്, മിന്നു മണി, പ്രിയ മിശ്ര, തനൂജ കൻവർ, ടിറ്റാസ് സാധു, സൈമ താക്കൂർ, സയാലി സത്ഘരെ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്