ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വിജയികൾക്കുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി സമ്മാനിക്കാൻ വിളിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര 3-1ന് സ്വന്തമാക്കിയ ഓസ്‌ട്രേലിയ 10 വർഷങ്ങൾക്ക് ശേഷമാണ് ബോർഡർ-ഗവാസ്‌കർ ട്രോഫി സ്വന്തമാക്കുന്നത്. 2014-15ലായിരുന്നു ഇതിന് മുമ്പ് ഓസ്‌ട്രേലിയ ട്രോഫി നേടിയത്.
ഇത്തവണ ഓസീസ് ബാറ്റിംഗ് ഇതിഹാസം അലൻ ബോർഡറാണ് ക്യാപ്ടൻ പാറ്റ് കമിൻസിന് വിജയികൾക്കുള്ള ട്രോഫി സമ്മാനിച്ചത്. ഇന്ത്യയാണ് പരമ്പര നേടുന്നതെങ്കിൽ ഗവാസ്‌കറും ഓസ്‌ട്രേലിയയാണ് നേടുന്നതെങ്കിൽ ബോർഡറും ട്രോഫി സമ്മാനിക്കുമെന്നായിരുന്നു ഇരു ക്രിക്കറ്റ് ബോർഡുകളും തമ്മിലുള്ള ധാരണ എന്നാണ് റിപ്പോർട്ട്. എന്നാൽ കമന്റേറ്ററായി സിഡ്‌നിയിലുണ്ടായിട്ടും തന്റെ പേരിലുള്ള ട്രോഫി സമ്മാനിക്കാൻ വേദിയിലേക്കുപോലും വിളിക്കാത്തതിൽ ഗവാസ്‌കർ അതൃപ്തി പ്രകടിപ്പിച്ചു.
സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാനായിരുന്നെങ്കിൽ സന്തോഷമാകുമായിരുന്നുവെന്നും എന്തൊക്കെ പറഞ്ഞാലും ട്രോഫിയുടെ പേര് തന്നെ ബോർഡർ-ഗവാസ്‌കർ ട്രോഫി എന്നല്ലെയെന്നും ഗവാസ്‌കർ കോഡ് സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ ചോദിച്ചു.
ഞാൻ ഗ്രൗണ്ടിൽ തന്നെയുണ്ടായിരുന്നു. പരമ്പര ആര് നേടി എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. മികച്ച കളി കാഴ്ചവെച്ചവർ പരമ്പര ജയിക്കും. ഓസ്‌ട്രേലിയയാണ് ഇന്ത്യയെക്കാൾ മികച്ച പ്രകടനം നടത്തിയത് എന്നതിനാൽ അവർ ട്രോഫിക്ക് അർഹരാണ്. എന്നാൽ ഞാനൊരു ഇന്ത്യക്കാരനായതുകൊണ്ട് കിരീടം കൈമാറേണ്ടതില്ല എന്ന് പറയുന്നത് ശരിയല്ല. എന്റെ അടുത്ത സുഹൃത്തായ അലൻ ബോർഡർക്കൊപ്പം നിന്ന് കിരീടം സമ്മാനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ സന്തോഷമാകുമായിരുന്നുവെന്നും ഗവാസ്‌കർ പറഞ്ഞു.
പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ജയിച്ചപ്പോൾ അഡ്‌ലെയ്ഡിലും മെൽബണിലും സിഡ്‌നിയിലും ജയിച്ചാണ് ഓസീസ് 3 -1 പരമ്പര നേടിയത്. മഴ മുടക്കിയ ബ്രിസ്‌ബേൻ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞു. തോൽവിയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ നേരിയ പ്രതീക്ഷയും അവസാനിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്