മത്സരത്തിന്റെ മൂന്നാം ദിവസം ശക്തമായ പ്രകടനം കാഴ്ചവച്ച ഓസ്‌ട്രേലിയ 6 വിക്കറ്റുകളുടെ വിജയമാണ് സ്വന്തമാക്കിയത്. നായകൻ ജസ്പ്രീത് ബുമ്ര അവസാന ദിവസങ്ങളിൽ കളിക്കാതിരുന്നത് ഇന്ത്യയെ വലിയ രീതിയിൽ ബാധിച്ചു. ഒരുപക്ഷേ ബുമ്ര ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാൻ സാധിച്ചേനെ. തന്റെ ആരോഗ്യ സാഹചര്യങ്ങളെപ്പറ്റിയും മത്സരത്തിലെ പരാജയത്തെപ്പറ്റിയും മത്സരശേഷം ബുമ്ര സംസാരിക്കുകയുണ്ടായി.
മത്സരത്തിന്റെ അവസാന ഭാഗങ്ങളിൽ കളിക്കാൻ സാധിക്കാതിരുന്നത് തനിക്ക് വലിയ നിരാശയുണ്ടാക്കിയിട്ടുണ്ട് എന്നാണ് ബുമ്ര പറഞ്ഞത്. 'ചില സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ വലിയ നിരാശ ഉണ്ടാക്കും. പക്ഷേ നമ്മൾ നമ്മുടെ ശരീരത്തിന് വേണ്ട ബഹുമാനം കൊടുക്കണം. ഒരിക്കലും ശരീരത്തിനോട് നമുക്ക് പോരാടാൻ സാധിക്കില്ല. ഈ പരമ്പരയിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റുകളിൽ ഒന്നായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സിലെ എന്റെ രണ്ടാം സ്‌പെല്ലിൽ തന്നെ എനിക്ക് ശാരീരികമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. എന്നിരുന്നാലും ആദ്യ ഇന്നിങ്‌സിൽ ഞങ്ങളുടെ മറ്റു ബോളർമാർ മുൻപിലേക്ക് വരികയും വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ടീമിലെ ഒരു ബോളർക്ക് പ്രശ്‌നം നേരിട്ടാൽ മറ്റു ബോളർമാർ ആ ഉത്തരവാദിത്വം ഏറ്റെടുത്തു മുൻപോട്ട് പോവുക തന്നെയാണ് ചെയ്യേണ്ടത്.' ബുമ്ര പറഞ്ഞു.
'ഇക്കാര്യം തന്നെയായിരുന്നു ഇന്ന് രാവിലെയും ചർച്ച ചെയ്തത്. ഈ പരമ്പരയിലുടനീളം നന്നായി കഠിനപ്രയത്‌നം ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. ഇന്നും ഞങ്ങൾ മത്സരത്തിൽ ഉണ്ടായിരുന്നു. പക്ഷേ ചില സമയങ്ങളിൽ ടെസ്റ്റ് ക്രിക്കറ്റ് ഇത്തരത്തിലാണ് അവസാനിക്കുക. ദൈർഘ്യമേറിയ മത്സരങ്ങൾ ആയതിനാൽ തന്നെ സമ്മർദ്ദങ്ങൾ ഉണ്ടാക്കുക, സമ്മർദ്ദങ്ങളെ ലഘൂകരിക്കുക, സാഹചര്യത്തിനനുസരിച്ച് കളിക്കുക ഇതൊക്കെയും വളരെ നിർണായകമായ കാര്യങ്ങളാണ്. നമ്മൾ സാഹചര്യങ്ങൾ നന്നായി മനസ്സിലാക്കുകയും കാര്യങ്ങൾ പഠിക്കുകയും ചെയ്യണം. അത് നമ്മുടെ ഭാവിക്കും ഗുണം ചെയ്യും.' ബുമ്ര കൂട്ടിച്ചേർത്തു.
'ഞങ്ങളുടെ ടീമിലുള്ള യുവതാരങ്ങളൊക്കെയും ഇതോടെ വലിയ അനുഭവസമ്പത്ത് നേടിയെടുത്തിട്ടുണ്ട്. അവർ കൂടുതൽ ശക്തമായി മുൻപോട്ടു പോകും എന്നാണ് ഞാൻ കരുതുന്നത്. ഞങ്ങളുടെ ഗ്രൂപ്പിലുള്ള എല്ലാവരും വലിയ പ്രതിഭകൾ ഉള്ളവരാണ് എന്ന് തെളിയിക്കാൻ ഞങ്ങൾക്ക് സാധിച്ചു. എന്നിരുന്നാലും പരമ്പരയിൽ വിജയിക്കാൻ സാധിക്കാതിരുന്നത് പലർക്കും നിരാശ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ഇതൊക്കെയും അവർക്ക് പഠിച്ചു വരാനുള്ള ഒരു അനുഭവം തന്നെയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു മികച്ച പരമ്പര തന്നെയായിരുന്നു. ഓസ്‌ട്രേലിയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു. അവർ നന്നായി തന്നെ കളിച്ചു.' ബുമ്ര പറഞ്ഞുവെക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്