സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിൽ ആറ് വിക്കറ്റ് ജയവുമായി 10 വർഷത്തെ ഇടവേളക്കുശേഷം ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി തിരിച്ചുപിടിച്ചപ്പോൾ കളിയിലെ താരമായത് ഓസ്‌ട്രേലിയൻ പേസർ സ്‌കോർ ബോളണ്ട്. മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തിയ ബോളണ്ടിന്റെ പ്രകടനമാണ് കളിയിലെ താരമാക്കിയത്. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 185 റൺസിന് ഓൾ ഔട്ടായപ്പോൾ ബോളണ്ട് 31 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യ 157 റൺസിന് ഓൾ ഔട്ടായപ്പോൾ 45 റൺസ് വഴങ്ങിയാണ് ബോളണ്ട് ആറ് വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തിലാകെ 76 റൺസ് വഴങ്ങി 10 വിക്കറ്റെടുത്ത പ്രകടനമാണ് ബോളണ്ടിനെ കളിയിലെ താരമാക്കിയത്. ജോഷ് ഹേസൽവുഡിന് പരിക്കേറ്റതിനാൽ മാത്രമാണ് ബോളണ്ടിന് മെൽബണിലും സിഡ്‌നിയിലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചത്. നേരത്തെ അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിലും ബോളണ്ട് കളിച്ചിരുന്നു.
പരമ്പരയുടെ താരമായി ബുമ്ര
സിഡ്‌നി ടെസ്റ്റിൽ 10 ഓവർ മാത്രമെറിഞ്ഞ് പരിക്കേറ്റ് മടങ്ങിയെങ്കിലും പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ജസ്പ്രീത് ബുമ്രയാണ്. പരമ്പരയിലാകെ അഞ്ച് ടെസ്റ്റുകളിലെ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 32 വിക്കറ്റെടുത്ത ബുമ്ര 13.06 ശരാശരിയിലും 2.76 എന്ന മോഹിപ്പിക്കുന്ന ശരാശരിയിലുമാണ് ഓസീസിനെ ഒറ്റക്ക് എറിഞ്ഞുവീഴ്ത്തിയത്. സിഡ്‌നിയിൽ രണ്ടാം ഇന്നിംഗ്‌സിൽ പരിക്കുമൂലം ബുമ്രക്ക് പന്തെറിയാനാവാഞ്ഞതാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾ ഇല്ലാതാക്കിയത്. രോഹിത് ശർമയുടെ അഭാവത്തിൽ പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിച്ച ബുമ്ര 295 റൺസിന്റെ കൂറ്റൻ വിജയം സമ്മാനിക്കുകയും ചെയ്തിരുന്നു. സിഡ്‌നി ടെസ്റ്റിൽ നിന്ന് രോഹിത് ശർമ വിട്ടു നിന്നപ്പോൾ ബുമ്രയാണ് ഇന്ത്യയെ നയിച്ചത്. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ 10 ഓവർ എറിഞ്ഞ ബുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
പരമ്പരയിലാകെ 32 വിക്കറ്റെടുത്ത ബുമ്ര വിദേശ പരമ്പരകളിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കോർഡും സ്വന്തമാക്കി. 1977-78ൽ ഓസ്‌ട്രേലിയക്കെതിരെ 31 വിക്കറ്റെടുത്ത ബിഷൻ സിംഗ് ബേദിയുടെ റെക്കോർഡാണ് ജസ്പ്രീത് ബുമ്ര ഇത്തവണ മറികടന്നത്. സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയുടെ മാർനസ് ലാബഷെയ്‌നിനെ പുറത്താക്കിയാണ് ബുമ്ര റെക്കോർഡ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പമെത്താനും ഇതോടെ ബുമ്രക്കായി. 2000 -2001 പരമ്പരയിൽ 32 വിക്കറ്റെടുത്ത ഹർഭജൻ സിംഗിന്റെ റെക്കോർഡിനൊപ്പമാണ് ബുമ്ര എത്തിയത്. പെർത്തിൽ 72 റൺസ് വഴങ്ങി എട്ട് വിക്കറ്റെടുത്ത ബുമ്ര അഡ്‌ലെയ്ഡിൽ 63 റൺസിന് നാലു വിക്കറ്റും ബ്രിസ്‌ബേനിൽ 94 റൺസ് വഴങ്ങി ഒമ്പത്് വിക്കറ്റും മെൽബണിൽ 156 റൺസ് വഴങ്ങി ഒമ്പത് വിക്കറ്റും സിഡ്‌നിയിൽ രണ്ട് വിക്കറ്റും നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്