ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന ക്രിക്കറ്റ് പരമ്പരകളിൽ നിന്ന് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കെ.എൽ രാഹുൽ. വിശ്രമം ആവശ്യമാണെന്നും ബ്രേക്ക് നൽകണമെന്നുമാണ് രാഹുലിന്റെ അഭ്യർത്ഥന. തീരുമാനം അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് മുൻപാകെ അവതരിപ്പിച്ചിട്ടുണ്ട്.
ജനുവരി 22 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന മത്സരങ്ങൾ കൊൽക്കത്തയിൽ നടക്കുക. അഞ്ച് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസീസിനോട് പരാജയപ്പെടുകയും പരമ്പര നഷ്ടമാകുകയും ചെയ്തതിന്റെ പേരിൽ ടീമിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ബ്രേക്ക് വേണമെന്ന് കെ.എൽ. രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നിർണായക ഘട്ടങ്ങളിൽ ബാറ്റർമാർ പരാജയപ്പെട്ടുവെന്ന് അടക്കമുള്ള വിമർശനമാണ് മുൻ താരങ്ങളക്കം ഉയർത്തുന്നത്. എന്നാൽ പരമ്പരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയ ബാറ്റർമാരിൽ ഒരാളാണ് രാഹുൽ. 10 ഇന്നിംഗ്‌സുകളിൽ നിന്നായി 30.66 ശരാശരിയിൽ 276 റൺസ് രാഹുൽ നേടിയിരുന്നു. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ഇന്ത്യൻ ബാറ്ററും രാഹുൽ ആയിരുന്നു.
ഫെബ്രുവരിയിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് അവെയ്‌ലബിൾ ആയിരിക്കുമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യയുടെ മത്സരം ദുബായിലും ബാക്കി മത്സരങ്ങൾ പാകിസ്താനിലുമാണ് നടക്കുക. വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്ക് വേണ്ടി ഇറങ്ങുന്നതിൽ നിന്നും ഒഴിവാക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്