ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിൽ ശ്രീലങ്കക്ക് തകർപ്പൻ തുടക്കം. പല്ലെക്കെലെ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ആതിഥേയർ ഏഴ് വിക്കറ്റിന്റെ ആധികാരിക വിജയം നേടി. 155 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക, റെക്കോർഡ് പവർപ്ലേ പ്രകടനത്തിലൂടെയും കുശാൽ മെൻഡിസിന്റെ മികച്ച ബാറ്റിംഗിലൂടെയും ഒരു ഓവർ ബാക്കി നിൽക്കെ വിജയം ഉറപ്പിച്ചു.
ഓപ്പണർമാരായ പതുംനിസ്സങ്കയും കുശാൽ മെൻഡിസും ചേർന്ന് ശ്രീലങ്കക്ക് മിന്നുന്ന തുടക്കമാണ് നൽകിയത്. ബംഗ്ലാദേശ് ബൗളിംഗിനെതിരെ ആദ്യ പന്ത് മുതൽ ആക്രമണം അഴിച്ചുവിട്ട ഈ ജോഡി വെറും 28 പന്തിൽ 78 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ ടി20യിലെ തങ്ങളുടെ എക്കാലത്തെയും ഉയർന്ന പവർപ്ലേ സ്‌കോറായ 83/1 (ആറ് ഓവറിൽ) ശ്രീലങ്ക സ്വന്തമാക്കി. 2018ൽ ഇന്ത്യക്കെതിരെ നേടിയ 75 റൺസായിരുന്നു ഇതിനുമുമ്പുള്ള റെക്കോർഡ്.
നിസ്സങ്ക വെറും 16 പന്തിൽ അഞ്ച് ഫോറുകളും മൂന്ന് സിക്‌സറുകളും സഹിതം 42 റൺസ് നേടി പുറത്തായെങ്കിലും, അദ്ദേഹത്തിന്റെ വെടിക്കെട്ട് പ്രകടനം വിജയകരമായ റൺ ചേസിന് അടിത്തറ പാകി.
ഏകദിന പരമ്പരയിലെ മികച്ച ഫോം തുടർന്ന മെൻഡിസ് 51 പന്തിൽ അഞ്ച് ബൗണ്ടറികളും മൂന്ന് സിക്‌സറുകളും ഉൾപ്പെടെ 73 റൺസ് നേടി ഇന്നിംഗ്‌സിന് നേതൃത്വം നൽകി. കുശാൽ പെരേരയുടെ മികച്ച പിന്തുണയും (മെൻഡിസുമൊത്ത് 42 റൺസ് കൂട്ടുകെട്ട്) ബംഗ്ലാദേശിന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ഒരവസരവും നൽകിയില്ല. ക്യാപ്ടൻ ചരിത് അസലങ്ക മികച്ചൊരു സിക്‌സറിലൂടെ വിജയം പൂർത്തിയാക്കി.
നേരത്തെ ബാറ്റ് ചെയ്ത ബംഗ്ലാദേശിന് ഓപ്പണർമാരായ പർവേസ് ഹുസൈനും തൻസിദ് ഹസനും ചേർന്ന് 30 പന്തിൽ 46 റൺസ് നേടി മികച്ച തുടക്കം നൽകിയിരുന്നു. എന്നാൽ ആദ്യ വിക്കറ്റ് വീണതിന് ശേഷം അവരുടെ ഇന്നിംഗ്‌സ് തകർന്നു. മധ്യനിരക്ക് സ്‌കോർ ഉയർത്താൻ കഴിഞ്ഞില്ല, ശ്രീലങ്കൻ ബൗളിംഗ് യൂണിറ്റിന്റെ അച്ചടക്കത്തിന് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
ഏകദേശം ഒരു വർഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ദസുൻ ഷനക നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. പരിക്കേറ്റ വാനിന്ദു ഹസരംഗക്ക് പകരക്കാരനായി വന്ന ലെഗ് സ്പിന്നർ ജെഫ്രി വാൻഡെർസേ തന്റെ നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്