ലാലിഗയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയുടെ കുതിപ്പിന് തടയിട്ട് റയൽ സോസിഡാഡ്. ഞായറാഴ്ച നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സോസിഡാഡ് കറ്റാലൻ പടയെ അട്ടിമറിച്ചത്. ഇതോടെ ബാഴ്‌സലോണയുടെ തുടർച്ചയായ 12 വിജയങ്ങൾക്കാണ് അവസാനമായത്.
പുതിയ പരിശീലകൻ പെല്ലെഗ്രിനോ മറ്റരാസോയ്ക്ക് കീഴിൽ ഉജ്ജ്വല ഫോമിലുള്ള സോസിഡാഡ് ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് ഉയർന്നു.
മത്സരത്തിലുടനീളം ബാഴ്‌സലോണ ആധിപത്യം പുലർത്തിയെങ്കിലും ഗോൾകീപ്പർ അലക്‌സ് റെമിറോയുടെ അവിശ്വസനീയമായ പ്രകടനമാണ് സോസിഡാഡിന് തുണയായത്. ബാഴ്‌സയുടെ നാല് ശ്രമങ്ങൾ പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ, രണ്ട് ഗോളുകൾ വാർ പരിശോധനയിൽ നിഷേധിക്കപ്പെട്ടു. ലെവൻഡോവ്‌സ്‌കിയുടെ അപകടകരമായ ഹെഡർ ബാറിലേക്ക് തട്ടിത്തെറിപ്പിച്ചത് ഉൾപ്പെടെയുള്ള റെമിറോയുടെ സേവുകൾ മത്സരത്തിൽ നിർണ്ണായകമായി.
ഗോൺസാലോ ഗ്വെഡസാണ് സോസിഡാഡിന്റെ വിജയഗോൾ നേടിയത്. നേരത്തെ മാർക്കസ് റാഷ്‌ഫോർഡിലൂടെ ബാഴ്‌സലോണ സമനില പിടിച്ചിരുന്നെങ്കിലും കാർലോസ് സോളറുടെ പാസിൽ നിന്ന് ഗ്വെഡസ് ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അവസാന നിമിഷങ്ങളിൽ സോസിഡാഡ് താരം ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ബാഴ്‌സലോണയുടെ ആക്രമണങ്ങളെ അവർ വിജയകരമായി പ്രതിരോധിച്ചു.
ഈ തോൽവി ബാഴ്‌സലോണയ്ക്ക് വലിയ തിരിച്ചടിയാണ്. തൊട്ടുപിന്നിലുള്ള റയൽ മാഡ്രിഡിന് പോയിന്റ് പട്ടികയിൽ ബാഴ്‌സലോണയുമായുള്ള അകലം കുറയ്ക്കാൻ ഇതോടെ സുവർണ്ണാവസരം ലഭിച്ചിരിക്കുകയാണ്. ഇരു ക്ലബുകളും തമ്മിലുള്ള പോയിന്റ് വ്യത്യാസം 1 ആയി കുറഞ്ഞിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
