ലണ്ടൻ : കഴിഞ്ഞരാത്രി നടന്ന ഇംഗ്‌ളീഷ് പ്രിമിയർ ലീഗ് മത്സരങ്ങളിൽ ആഴ്‌സനൽ വിജയം നേടിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങി. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് എവർട്ടണെ കീഴടക്കിയ ആഴ്‌സനൽ പോയിന്റ് പട്ടികയിൽ ഒന്നാമതായി തുടരുകയാണ്. അതേസമയം വെസ്റ്റ് ഹാമുമായുള്ള സമനില മാഞ്ചസ്റ്റർ സിറ്റിയുടെ കിരീടപ്രതീക്ഷകൾക്ക് തിരിച്ചടിയായി.
സ്വന്തം തട്ടകത്തിൽ അവസാനസമയത്തിനടുത്തുവരെ ഗോൾരഹിതമായിരുന്ന മത്സരത്തിലാണ് ആഴ്‌സനൽ എവർട്ടണിനെ കീഴടക്കിയത്. 89-ാം മിനിട്ടിൽ വിക്ടർ ഗ്യോക്കറസും ഇൻജുറി ടൈമിന്റെ 7-ാം മിനിട്ടിൽ മാക്‌സ് ഡോവ്മാനുമാണ് ആഴ്‌സനലിന് വേണ്ടി ഗോളുകൾ നേടിയത്. ഡോവ്മാന്റെ ഈ ഗോൾ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോറർ എന്ന റെക്കോർഡ് സ്വന്തമാക്കി. 16 വയസ്സുകാരനാണ് മാർക്‌സ് ഡൗമാൻ. സ്വന്തം പക്വതയിൽ നിന്നും പന്ത് സ്വീകരിച്ച് ഡൗമാൻ, രണ്ട് എവർട്ടൺ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗ്രൗണ്ടിന്റ പകുതിയോളം ഒറ്റയ്ക്ക് ഓടിക്കയറിയാണ് ഒഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് എത്തിച്ചത്. കോർണർ കിക്ക് എടുക്കുന്ന സമയത്ത് എവർട്ടൺ ഗോൾ കീപ്പർ ജോർദാൻ പിക്ക്‌ഫോർഡ് പോസ്റ്റ് വിട്ട് മുന്നിലേക്ക് കയറി നിന്നിരുന്നു.
16 വർഷവും 73 ദിവസവും പ്രായമുള്ളപ്പോഴാണ് ഈ ഇംഗ്ലീഷ് താരം തന്റെ മൂന്നാം മത്സരത്തിൽ തന്നെ ഈ നേട്ടം സ്വന്തമാക്കുന്നത്. ഇതോടെ 2005ൽ ജയിംസ് വോൺ സ്ഥാപിച്ച റെക്കോർഡാണ് തകർന്നത്. ജയിംസ് മിൽനർ, വയ്ൻ റൂണി തുടങ്ങിയവരുടെ പേരിലുണ്ടായിരുന്ന റെക്കോർഡുകളും ഡൗമാൻ പിന്നിലാക്കി.
ഈ വിജയത്തോടെ ആഴ്‌സനലിന് 31 മത്സരങ്ങളിൽ നിന്ന് 70 പോയിന്റായി. വെസ്റ്റ് ഹാമുമായി സമനില വഴങ്ങിയതോടെ മാഞ്ചസ്റ്റർ സിറ്റി 30 കളികളിൽ നിന്ന് 61 പോയിന്റിലെത്തി. 31-ാം മിനിട്ടിൽ ബെർണാഡോ സിൽവയിലൂടെ മുന്നിലെത്തിയിരുന്ന സിറ്റിയെ 35-ാം മിനിട്ടിൽ കോൺസ്റ്റാന്റനോസിലൂടെയാണ് വെസ്റ്റ് ഹാം തളച്ചത്.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദത്തിൽ ചൊവ്വാഴ്ച മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെയും ആഴ്‌സനൽ ബയേർ ലെവർകൂസനെയും സ്വന്തം തട്ടകങ്ങളിൽ നേരിടാൻ ഇറങ്ങുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
