2026 ടി20 ലോകകപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിൽ വീണ്ടും വൻ അഴിച്ചുപണികൾക്ക് സാധ്യത. ഓരോ ഐ.സി.സി ടൂർണമെന്റുകൾക്ക് ശേഷവും ടീമിലും മാനേജ്‌മെന്റിലും മാറ്റങ്ങൾ വരുത്തുന്ന പാക് ക്രിക്കറ്റിലെ പതിവ് രീതി ഇത്തവണയും തുടരുമെന്നാണ് സൂചനകൾ. നിലവിൽ ഹെഡ് കോച്ച് സ്ഥാനത്ത് മൈക്ക് ഹെസ്സൻ തുടരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാവി തുലാസിലാണ്. പി.സി.ബി ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടെ ഉപദേശകർക്ക് ഹെസ്സന്റെ പ്രവർത്തനങ്ങളിൽ താൽപ്പര്യമില്ലെന്ന് മുൻ പാക് താരം ബാസിത് അലി വെളിപ്പെടുത്തി.
'ഗെയിം പ്ലാൻ' എന്ന യൂട്യൂബ് ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ... ''മൈക്ക് ഹെസ്സൻ ഇപ്പോൾ ചെയർമാന്റെ ഉപദേശകരുടെ ഗുഡ് ബുക്കിലല്ല ഉള്ളത്. അന്തിമ തീരുമാനം ചെയർമാൻ മൊഹ്‌സിൻ നഖ്വിയുടേതാണെങ്കിലും, ഹെസ്സന് അനുകൂലമായി വീശിയിരുന്ന കാറ്റ് ഇപ്പോൾ മാറി വീശുകയാണ്. മിസ്ബയും സർഫറാസും ഒരിക്കലും മൈക്ക് ഹെസ്സന്റെ കീഴിൽ പ്രവർത്തിക്കില്ല. 15 അംഗ സ്‌ക്വാഡിനെ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാൻ ഇനി ഹെസ്സന് സാധിക്കില്ലെന്ന് എനിക്ക് എഴുതി നൽകാൻ കഴിയും.'' ബാസിത് അലി പറഞ്ഞു.
സെലക്ഷൻ കമ്മിറ്റിയിലെ മാറ്റങ്ങളും ഹെസ്സന്റെ അധികാരവും
മിസ്ബാ ഉൾ ഹഖ്, സർഫറാസ് അഹമ്മദ് എന്നിവരെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ പി.സി.ബിയുടെ നീക്കം ഹെസ്സന്റെ അധികാരം കുറയ്ക്കാനാണെന്ന് ബാസിത് അലി നിരീക്ഷിക്കുന്നു. സ്വാധീനശക്തിയുള്ള മിസ്ബയും സർഫറാസും കമ്മിറ്റിയിൽ വന്നതോടെ ഹെസ്സന്റെ തീരുമാനങ്ങൾക്ക് പഴയ പരിഗണന ലഭിക്കില്ല.
പി.എസ്.എൽ പ്രകടനം മാത്രമോ മാനദണ്ഡം?
അന്താരാഷ്ട്ര ക്രിക്കറ്റിലെ മികവിനേക്കാൾ പാകിസ്ഥാൻ സൂപ്പർ ലീഗിലെ പ്രകടനം മാത്രം നോക്കിയാണ് ഹെസ്സനെ കോച്ചായി നിയമിച്ചതെന്ന് ബാസിത് അലി വിമർശിച്ചു. പാക് ക്രിക്കറ്റിലെ ദീർഘകാല പദ്ധതിയുടേയും നേതൃത്വത്തിലുള്ള വിശ്വാസക്കുറവിന്റേയും ഉദാഹരണമാണ് ഈ നീക്കങ്ങളെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
