സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ മുംബൈ ഹീറോസിനെതിരായ മത്സരത്തിൽ കേരള സ്‌ട്രൈക്കേഴ്‌സിന് ജയം. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്‌ട്രൈക്കേഴ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹീറോസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് നേടിയയത്. 58 റൺസ് നേടിയ തൊമർ നവ്ദീപാണ് ഹീറോസിന്റെ ടോപ് സ്‌കോറർ. ഉണ്ണി മുകുന്ദൻ, അരുൺ ബെന്നി എന്നിവർ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ സ്‌ട്രൈക്കേഴ്‌സ് 19.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. മദൻ മോഹൻ (30 പന്തിൽ പുറത്താവാതെ 74), വിവേക് ഗോപൻ (38) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് സ്‌ട്രൈക്കേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.
മികച്ച തുടക്കമായിരുന്നു സ്‌ട്രൈക്കേഴ്‌സിന്. ഓപ്പണിംഗ് വിക്കറ്റിൽ ഉണ്ണി മുകുന്ദൻ (18) - അർജുൻ നന്ദകുമാർ (29) സഖ്യം 42 റൺസ് ചേർത്തു. എന്നാൽ അഞ്ചാം ഓവറിൽ ഉണ്ണി പുറത്തായി. റിതേഷ് ദേഷ്മുഖിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു ഉണ്ണി. തുടർന്നെത്തിയ ജീൻ പോൾ ലാൽ (21) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ ഒമ്പതാം ഓവറിൽ അർജുനേയും 11 ഓവറിൽ ജീൻ പോളിയേും സ്‌ട്രൈക്കേഴ്‌സിന് നഷ്ടമായി. തുടർന്ന് വിവേക് - മദൻ സഖ്യം 102 സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. വിജയത്തിനരികെ വിവേക് വീണു. വൈകാതെ മണികുട്ടന്റെ (0) വിക്കറ്റും സ്‌ട്രൈക്കേഴ്‌സിന് നഷ്ടമായി. എന്നാൽ കലാഭവൻ പ്രജോദിനെ (1) കൂട്ടുപിടിച്ച് മദൻ സ്‌ട്രൈക്കേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചു. 30 പന്തുകൾ മാത്രം നേരിട്ട മദൻ മോഹൻ അഞ്ച് സിക്‌സും ഏഴ് ഫോറും നേടി.
നേരത്തെ നവ്ദീപിന് പുറമെ ശരദ് കെൽക്കർ (38), സാക്വിബ് സലീം (29), ഷാബിർ അലുവാലിയ (23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. കഴിഞ്ഞ സീസണുകളിൽ സ്‌ട്രൈക്കേഴ്‌സിന് വേണ്ടി കളിച്ചിരുന്ന രാജീവ് പിള്ള ഇത്തവണ ഹീറോസിന് വേണ്ടിയാണ് കളിക്കുന്നത്. എന്നാൽ താരത്തിന്റെ അരങ്ങേറ്റം ഗോൾഡക്കിൽ അവസാനിച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ റണ്ണൗട്ടാവുകയായിരുന്നു രാജീവ്. നിശാന്ത് ദഹിയ, ഫ്രെഡി ദാരുവാല, അഭിലാഷ് ചൗധരി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. സിദ്ധാന്ത് സച്ച്‌ദേവ് (21), രാജ (5) എന്നിവർ പുറത്താവാതെ നിന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
