ലണ്ടൻ : ലോഡ്‌സ് മൈതാനത്ത് ഞാണിൻമേൽ കളിയായി മാറിയ ഇംഗ്‌ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പൊരുതിവീണു. 193 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇന്ത്യ 58/4 എന്ന നിലയിൽ അവസാനദിവസം ബാറ്റിംഗ് പുനരാരംഭിച്ച് 170 റൺസിന് ആൾഔട്ടാവുകയായിരുന്നു.
പുറത്താകാതെ 61 റൺസുമായി നിന്ന രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ പോരാട്ടത്തിന് ചൂടുപകർന്നത്. 266 മിനിട്ട് ക്രീസിൽ പിടിച്ചുനിന്ന് 181 പന്തുകൾ നേരിട്ട ജഡേജ ഒരറ്റത്ത് നിൽക്കവേ മറ്റേ അറ്റം പൊളിച്ചാണ് ഇംഗ്‌ളണ്ട് പരമ്പരയിൽ 2-1ന് മുന്നിലെത്തിയത്. നാലാം ടെസ്റ്റ് ഈമാസം 23ന് മാഞ്ചസ്റ്ററിൽ തുടങ്ങും.
അവസാന ദിവസം ആറുവിക്കറ്റുകൾ കയ്യിലിരിക്കേ ജയിക്കാൻ വേണ്ട 135 റൺസിനായാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ സമ്മർദ്ദത്തിലായ ഇന്ത്യയെ അർദ്ധ സെഞ്ച്വറി നേടിയ ജഡേജയാണ് മുന്നോട്ടുനയിച്ചത്. ചായയ്ക്ക് പിരിയുമ്പോൾ 163/9 എന്ന നിലയിലായിരുന്നു ഇന്ത്യ.
33 റൺസുമായി നിന്ന കെ.എൽ രാഹുലിനൊപ്പം പുതിയ ബാറ്റർ റിഷഭ് പന്താണ് ഇന്നലെ രാവിലെ കളി തുടങ്ങാനെത്തിയത്. രാവിലത്തെ മൂന്നാം ഓവറിൽതന്നെ റിഷഭ് പന്തിനെ(9) ബൗൾഡാക്കി ജൊഫ്ര ആർച്ചർ ഇന്ത്യയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചു.71 റൺസായിരുന്നു അപ്പോൾ സ്‌കോർ ബോർഡിൽ. 10 റൺസ് കൂടി നേടിയപ്പോഴേക്കും കെ.എൽ രാഹുലും കൂടാരം കയറിയതോടെ ഇന്ത്യ 81/6 എന്ന നിലയിലായി.
പകരമെത്തിയ വാഷിംഗ്ടൺ സുന്ദറിനെ(0) അടുത്ത ഓവറിൽ സ്വന്തം ബൗളിംഗിൽ ആർച്ചർ പിടികൂടി. ഇതോടെ 82/7 എന്ന നിലയിൽ പതറിയ ഇന്ത്യ രക്ഷിക്കാൻ രവീന്ദ്ര ജഡേജയും നിതീഷ് കുമാർ റെഡ്ഡിയും ക്രീസിൽ ഒരുമിച്ചു. ഇംഗ്‌ളീഷ് ബൗളർമാരുടെ പരീക്ഷണം ക്ഷമയോടെ നേരിട്ട ഇരുവരും ചേർന്ന് 30 റൺസാണ് കൂട്ടിച്ചേർത്തത്.
ടീം സ്‌കോർ 112ൽ എത്തിയപ്പോൾ നിതീഷിനെ(13) ക്രിസ് വോക്‌സ് കീപ്പർ സ്മിത്തിന്റെ കയ്യിലെത്തിച്ചതോടെ ഇന്ത്യയ്ക്ക് വീണ്ടും സമ്മർദ്ദമേറി. പിന്നെയുള്ള ആകെ പ്രതീക്ഷ രവീന്ദ്ര ജഡേജയായിരുന്നു. ചായയ്ക്ക് ശേഷം ബുംറയെക്കൂട്ടിയെത്തിയ ജഡേജ പിന്നെയും പാറപോലെ ഒരറ്റത്ത് ഉറച്ചുനിന്നു.
54 പന്തുകൾ നേരിട്ട ബുംറയെ പക്ഷേ ടീം സ്‌കോർ 147ൽ വച്ച് സ്റ്റോക്‌സ് പുറത്താക്കി. സബ്സ്റ്റിറ്റിയൂട്ട് ഫീൽഡർ കുക്കിനായിരുന്നു ക്യാച്ച്. ഇതോടെ അവസാന വിക്കറ്റിൽ 46 റൺസായി ഇന്ത്യയുടെ ലക്ഷ്യം.
11ാമനായി ഇറങ്ങിയ സിറാജ് കടുത്ത പ്രതിരോധത്തിലൂന്നിയാണ് ചായസമയം വരെ പിടിച്ചുനിന്നത്. അർദ്ധസെഞ്ച്വറി തികച്ച ശേഷം ജഡേജ വലിയ ഷോട്ടുകൾക്ക് ശ്രമിച്ചാണ് 163ലെത്തിച്ചത്. എന്നാൽ 30 പന്തുകളിൽ നാലുറൺസ് നേടിയ സിറാജിനെ ബൗൾഡാക്കി ഷൊയ്ബ് ബഷീർ ഇന്ത്യൻ ഇന്നിംഗ്‌സിന് കർട്ടനിട്ടു.
ആദ്യ ഇന്നിംഗ്‌സിൽ 44 റൺസും രണ്ടുവിക്കറ്റുകളും രണ്ടാം ഇന്നിംഗ്‌സിൽ 33 റൺസും മൂന്നുവിക്കറ്റുകളും നേടിയ ഇംഗ്‌ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്‌സാണ് മാൻ ഒഫ് ദ മാച്ച്.
കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലെ നാല് ഇന്നിംഗ്‌സുകളിലും രവീന്ദ്ര ജഡേജ അർദ്ധസെഞ്ച്വറി നേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്