ലോഡ്‌സ്: മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിംഗ്സിൽ 387 റൺസിന് ഓൾഔട്ടാക്കി ഇന്ത്യ. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ 145/3 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനേക്കാൾ 242 റൺസ് പിന്നിലാണിപ്പോൾ ഇന്ത്യ. അഞ്ച് വിക്കറ്റ് നേടിയ ജസ്പ്രീത് ബുറയാണ് ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ തകർത്തത്. ഇംഗ്ലണ്ടിനായി ജോ റൂട്ട് (104) സെഞ്ച്വറി തികച്ചപ്പോൾ ജാമി സ്മിത്തും (51) ബ്രൈഡൻ കാർസും (56) അർദ്ധ സെഞ്ച്വറി നേടി വാലറ്റത്ത് ഇംഗ്ലണ്ടിന് നിർണായക സംഭാവന നൽകി.
ഒന്നാം ദിനം കൈവിരലിന് പരിക്കേറ്റ റിഷഭ് പന്തിന് പകരം രണ്ടാം ദിനവും ധ്രുവ് ജുറലായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. മത്സരത്തിനിടെ പന്ത് മാറ്റുന്നതിനെച്ചൊല്ലി ഇന്ത്യൻ ക്യാപ്ടൻ ശുഭ്മാൻ ഗില്ലും അമ്പയറും തമ്മിൽ തർക്കമുണ്ടായി.
251/4 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് 136 റൺസ് കൂടി നേടി. ഇന്നലത്തെ ആദ്യ പന്ത് തന്നെ ഫോറടിച്ച് റൂട്ട് സെഞ്ച്വറി തികച്ചു. എന്നാൽ പിന്നീട് ബുറയുടെ വിളയാട്ടമായിരുന്നു. തന്റെ അടുത്ത ഓവറിലെ ആദ്യ പന്തിൽ ഇംഗ്ലണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സിനെ (44) ക്ലീൻബൗൾഡാക്കിയ ബുംറ പിന്നാലെ റൂട്ടിന്റെയും കുറ്റിയിളക്കി.
തൊട്ടടുത്ത പന്തിൽ ക്രിസ് വോക്സിനെ വിക്കറ്റ് കീപ്പർ ജുറലിന്റെ കൈയിലെത്തിച്ച് ബുംറ ഇന്ത്യയ്ക്ക് ഇരട്ട ബ്രേക്ക് ത്രൂ നൽകി. എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച സ്മിത്തും കാർസും ഇഗ്ലണ്ടിനെ കൂട്ടത്തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും 8ാം വിക്കറ്റിൽ 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.സ്മിത്തിനെ പുറത്താക്കി സിറാജാണ് കൂട്ടുകെട്ട് പൊളിച്ചത്.
വ്യക്തിഗത സ്‌കോർ അഞ്ചിൽ നിൽക്കെ സ്മിത്തിനെ സിറാജിന്റെ പന്തിൽ രാഹുൽ കൈവിട്ടിരുന്നു. അധികം വൈകാതെ ജോഫ്ര ആർച്ചറെ (4) ബുംറയും കാർസിനെ സിറാജും പുറത്താക്കി ഇംഗ്ലീഷ് ഇന്നിംഗ്സിന് തിരശീലയിട്ടു. സിറാജും നിതീഷും 2 വിക്കറ്റ് വീതം വീഴ്ത്തി.
തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് യശ്വസി ജയ്സ്വാളിന്റെയും (8 പന്തിൽ 13), കരുൺ നായരുടേയും (40), ക്യാപ്ടൻ ഗില്ലിന്റെയും (16) വിക്കറ്റുകളാണ് ഒന്നാം ഇന്നിംഗ്സിൽ നഷ്ടമായത്.
അർദ്ധ സെഞ്ച്വറി തികച്ച കെ.എൽ രാഹുലും (പുറത്താകാതെ 53), പന്തുമാണ് (പുറത്താകാതെ19) ക്രീസിൽ. കൈയിലെ പരിക്കിനെ തുടർന്ന് ഇന്നലെ കീപ്പ് ചെയ്തില്ലെങ്കിലും പന്ത് ബാറ്റിംഗിന് എത്തിയത് ഇന്ത്യയ്ക്ക് ആശ്വാസമായി.
ആദ്യ ഓവറിൽ ക്രിസ് വോക്സിനെതിരെ 3 ഫോർ നേടിയ ജയ്സ്വാളിനെ രണ്ടാം ഓവറിൽ ജോഫ്ര ആർച്ചർ ഹാരിബ്രൂക്കിന്റെ കൈയിൽ എത്തിക്കുകയായിരുന്നു. നാല് വർഷത്തിന് ശേഷം ടെസ്റ്റ് കളിക്കാനിറങ്ങിയ ആർച്ചർക്ക് മടങ്ങിവരവിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്താനായി. രാഹുലിനൊപ്പം അർദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ കരുണിനെ സ്റ്റോക്‌സിന്റെ പന്തിൽ സ്ലിപ്പിൽ റൂട്ട് തകർപ്പൻ ഡൈവിംഗ് ക്യാച്ചിലൂടെ കൈപ്പിടിയിലാക്കുകയായിരുന്നു. ഗില്ലിനെ വോക്‌സിന്റെ പന്തിൽ കീപ്പർ സ്മിത്ത് പിടികൂടി.
ടെസ്റ്റിൽ ഏറ്റവും കുറഞ്ഞ ഇന്നിംഗ്‌സിൽ 1000 റൺസ് തികയ്ക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൺ ഡി കോക്കിന്റെ റെക്കോഡിനൊപ്പമെത്തി ഇംഗ്ലണ്ടിന്റെ ജാമി സ്മിത്ത്. 21 ഇന്നിംഗ്‌സിൽ നിന്നാണ് ഇരുവരും 1000 റൺസ് തികച്ചത്. ടെസ്റ്റിൽ കുറഞ്ഞ ബോളിൽ 1000 റൺസ് തികച്ച വിക്കറ്റ് കീപ്പർ ബാറ്ററെന്ന റെക്കാഡും സ്മിത്ത് സ്വന്തമാക്കി. 1303 പന്തിലാണ് സ്മിത്ത് 1000 തികച്ചത്.
എവേ ടെസ്റ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരമായി ജസ്പ്രീത് ബുംറ. ഇന്നലത്തേത് വിദേശത്ത് ടെസ്റ്റിൽ ബുംറയുടെ 13ാം അഞ്ച് വിക്കറ്റ് നേട്ടമായിരുന്നു ഈ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിലേത്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ (12) പേരിലുണ്ടായിരുന്ന റെക്കാഡാണ് ബുംറ തിരുത്തിയത്.
ജോ റൂട്ടിന്റെ ടെസ്റ്റ് കരിയറിലെ 37ാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിലേത്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ ഇന്ത്യയുടെ രാഹുൽ ദ്രാവിഡിനേയും ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനേയും (ഇരുവർക്കും 36 സെഞ്ച്വറികൾ വീതം) മറികടന്ന് റൂട്ട് അഞ്ചാം സ്ഥാനത്തെത്തി.
ഇന്നലെ കരുൺ നായരെ പുറത്തെടുക്കാനെടുത്ത വിസ്മയ ക്യാച്ചിലൂടെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത ഫീൽഡർ എന്ന റെക്കാഡ് റൂട്ട് സ്വന്തമാക്കി. റൂട്ടിന്റെ 211ാം ക്യാച്ചായിരുന്നു ഇത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡിന്റെ (210) പേരിലുണ്ടായിരുന്ന റെക്കാഡാണ് റൂട്ട് തിരുത്തിയത്.
ഇന്ത്യയ്‌ക്കെതിരെ റൂട്ടിന്റെ പതിനൊന്നാം ടെസ്റ്റ് സെഞ്ച്വറി. ടെസ്റ്റിൽ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനൊപ്പം ഒന്നാം സ്ഥാനത്താണ് റൂട്ട്.
ലോഡ്‌സിൽ ടെസ്റ്റിൽ റൂട്ടിന്റെ തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. ലോഡ്‌സിൽ തുടർച്ചയായി മൂന്ന് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ താരമാണ് റൂട്ട്.
ഇന്നലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സിൽ ജാമി സ്മിത്തിനെ പുറത്താക്കിയ ശേഷം വിക്കറ്റ് നേട്ടം അകാലത്തിൽ പൊലിഞ്ഞ പോർച്ചുഗീസ് ഫുട്‌ബോളർ ഡിയാഗോ ജോട്ടയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്. ജോട്ടയുടെ ലിവർപൂളിലെ ജേഴ്‌സി നമ്പറായ 20 എന്ന് കൈവിരലുകൾ കൊണ്ട് കാണിച്ച സിറാജ് തുടർന്ന് ആകാശത്തേക്ക് നോക്കി വലതുകൈ ഉയർത്തി വിക്കറ്റ് നേട്ടം ജോട്ടയ്ക്ക് സമർപ്പിക്കുകയായിരുന്നു.
ജോട്ടയും ഫുട്‌ബോളർ തന്നെയായ സഹോദരൻ ആന്ദ്രേ സിൽവയും ജൂലായ് മൂന്നിന് സ്‌പെയിനിൽ നടന്ന കാറുപകടത്തിലാണ് അന്തരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്