വിംബിൾഡൺ 2025ൽ തന്റെ ചരിത്രപരമായ യാത്ര തുടർന്ന നോവാക് ജോക്കോവിച്ച് ടൂർണമെന്റിൽ 14-ാം തവണയും സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഓപ്പൺ എറയിൽ 52 ഗ്രാൻഡ് സ്ലാം സെമിഫൈനൽ പ്രവേശനമെന്ന ക്രിസ് എവർട്ടിന്റെ എക്കാലത്തെയും റെക്കോർഡിനൊപ്പമെത്തി.
സെന്റർ കോർട്ടിൽ മൂന്ന് മണിക്കൂറും പതിനൊന്ന് മിനിറ്റും നീണ്ടുനിന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇറ്റലിയുടെ ഫ്‌ളാവിയോ കോബോളിയിൽ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടെങ്കിലും, 6-7 (6-8), 6-2, 7-5, 6-4 എന്ന സ്‌കോറിന് ജോക്കോവിച് വിജയിച്ചു.
തുടക്കത്തിൽ ഒരു ബ്രേക്ക് നേടിയെങ്കിലും, കോബോളി ആദ്യ സെറ്റ് ടൈബ്രേക്കറിൽ നിന്ന് പിടിച്ചെടുത്ത് സെർബിയൻ താരത്തെ ഞെട്ടിച്ചു. എന്നാൽ ഏഴ് തവണ വിംബിൾഡൺ ചാമ്പ്യനായ ജോക്കോവിച്ച് ശക്തമായി തിരിച്ചെത്തി. രണ്ടാം സെറ്റിൽ ഇരട്ട ബ്രേക്കുകളോടെ ആധിപത്യം സ്ഥാപിച്ച് മത്സരം സമനിലയിലാക്കി.
നിർണായകമായ മൂന്നാം സെറ്റിൽ, ജോക്കോവിച്ച് വൈകി നേടിയ ഒരു പ്രധാന ബ്രേക്കിലൂടെ 7-5ന് സെറ്റ് സ്വന്തമാക്കി. നാലാം സെറ്റിലും അതേ മാതൃക ആവർത്തിച്ച അദ്ദേഹം 4-4ന് ബ്രേക്ക് നേടി സർവ് നിലനിർത്തി മത്സരം ഉറപ്പിച്ചു.
ഈ വിജയത്തോടെ, ലോക ഒന്നാം നമ്പർ താരം യാനിക്ക് സിന്നറുമായാകും ജോക്കോവിച്ച് സെമിഫൈനലിൽ കളിക്കുക. പത്താം സീഡ് അമേരിക്കൻ താരം ബെൻ ഷെൽട്ടനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ഇറ്റാലിയൻ താരം യാനിക് സിന്നർ കരിയറിലെ ഏഴാം ഗ്രാന്റ് സ്ലാം സെമിഫൈനലിലേക്ക് മുന്നേറിയത്.
കരിയറിലെ രണ്ടാം വിംബിൾഡൺ സെമിഫൈനൽ കൂടിയാണ് താരത്തിന് ഇത് ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് ടൈബ്രേക്കറിലെ അവസാന 7 പോയിന്റുകളും ജയിച്ചു 7-6 സ്വന്തമാക്കിയ സിന്നർ രണ്ടും മൂന്നും സെറ്റുകളിൽ കൂടുതൽ ആധിപത്യം കാണിച്ചു.
നിർണായക ബ്രേക്ക് ഓരോ സെറ്റിലും കണ്ടെത്തിയ സിന്നർ 6-4, 6-4 എന്ന സ്‌കോറിന് ജയം കണ്ടെത്തി വിംബിൾഡൺ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചു.
രണ്ടാം സെമിയിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ കാർലോസ് അൽക്കാരസ് അഞ്ചാം സീഡ് ടെയ്‌ലർ ഫ്രിറ്റ്‌സിനെയും നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്